കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് മുഖ്യമന്ത്രിയെ കണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ.
ഇത് രണ്ടാം തവണയാണ് കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു.
സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്. അറസ്റ്റിലായ അരവിന്ദാക്ഷന്റെ ഇടപാടുകളെപ്പറ്റി അറിയില്ലെന്ന് കണ്ണന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കണ്ണന് പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്ക് വഴി അറസ്റ്റിലായ പി. സതീഷ്കുമാര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലുമായി തന്റെ ബാങ്കിന് ബന്ധമില്ലെന്നാണ് കണ്ണന്റെ വാദം.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന് നേതൃത്വം നല്കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി മുഖ്യമായും അന്വേഷണം നടത്തുന്നത്.
കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്റെയും എ.സി മൊയ്തീന്റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതര്‍ ഇടപെട്ട തട്ടിപ്പെന്ന് ഇഡി വ്യക്തമാക്കുന്നുമുണ്ട്.
കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കണ്ണന്റെ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകമാണ്.
എന്നാല്‍ അരവിന്ദാക്ഷനെ സംരക്ഷിക്കുന്ന ഉന്നതരെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്നും സിപിഎം ഭയക്കുന്നുണ്ട്.
തൃശൂര്‍ സഹകരണ ബാങ്ക് വഴിയാണ് സതീഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്. ബിനാമി പേരുകളിലും സതീഷ് കുമാറിന് തൃശൂര്‍ ബാങ്കില്‍ അക്കൗണ്ടുകളുണ്ട്.
ഈ അക്കൗണ്ടുകളിലേക്ക് കോടികളെത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ തൃശൂര്‍ സഹകരണ ബാങ്കിലേക്കായിരുന്നു സതീഷ് കുമാര്‍ മാറ്റിയത്. ഇത് എം.കെ. കണ്ണന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിലയിരുത്തല്‍.