ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു ടെന്നീസ് മെഡൽ. പുരുഷ ഡബിൾസ് ടെന്നീസിൽ സാകേത് മൈനേനി-രാംകുമാർ രാമനാഥൻ സംഘമാണ് വെള്ളി നേടിയത്.
ചൈനീസ് തായ്പേയിയുടെ സു യു സിയോ-ജാസണ്‍ യംഗ് സഖ്യത്തോട് ഇന്ത്യൻ കൂട്ടുകെട്ട് ഫൈനലിൽ പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ ടീമിന്റെ തോൽവി. സ്കോർ: 6-4, 6-4.
ടെന്നീസ് മിക്സഡ് ഡബിൾസിലും ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യം ഫൈനലിലെത്തി.
സെമിയിൽ ടൂർണമെന്റിലെ മൂന്നാം സീഡായ ചൈനീസ് തായ്പേയിയുടെ സു യു സിയോ-ചാൻ ഹാവോ ചിങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് രണ്ടാം സീഡായ ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-റുതുജ സഖ്യത്തിന്റെ വിജയം. സ്കോർ: 6-1, 3-6, 10-4. ചൈനീസ് തായ്പേയിയുടെ സുങ് ഹോ ഹുവാങ്-എൻ ഷുവോ ലിയാങ് സഖ്യമാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
ഏഷ്യൻ ഗെയിംസ് ടെന്നീസ് ചരിത്രത്തിൽ രണ്ടു സ്വർണം, ഒന്നുവീതം വെള്ളി, വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. അതേസമയം, ബൊപ്പണ്ണയുടെയും ഭോസ്ലെയുടെയും ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്. ്