വയനാട്: മാനിനെ കെണിവച്ചു പിടികൂടി കറിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. രഹസ്യവിവരത്തെത്തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.
കൽപ്പറ്റ ഫ്ലൈയിംഗ് സ്ക്വാഡിനാണ് മാനിനെ കെണിവെച്ച് പിടിച്ചതിനെക്കുറിച്ച് രഹസ്യം വിവരം കിട്ടിയത്. ബേഗൂർ റേഞ്ചിലെ തൃശിലേരി സെക്ഷന് കീഴിൽ മാനിനെ വേട്ടയാടി ഇറച്ചിക്കറി വയ്ക്കുന്നു എന്നായിരുന്നു വിവരം.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 56 കിലോയോളം മാനിറച്ചിയാണ്. ഉദ്യോഗസ്ഥർ എത്തുമ്പോൾ കറി വെക്കാനായി ഇവർ ഇറച്ചി മുറിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതോടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടങ്ങി.
കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ചന്ദ്രൻ, കുര്യൻ(റെജി) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്.
വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ് ഇവർ. കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അഞ്ചുവയസ്സ് പ്രായമുള്ള മാനിനെയാണ് ഇവർ കശാപ്പ് ചെയ്തത് എന്നാണ് അനുമാനം.