വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210നെതിരേ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്.
208 ഡെമോക്രാറ്റിക് അംഗങ്ങൾക്കൊപ്പം എട്ടു റിപ്പബ്ലിക്കൻ അംഗങ്ങളും സ്പീക്കർക്കെതിരേ വോട്ട് ചെയ്തു. യുഎസിന്റെ 234 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കറെ സ്ഥാനത്തുനിന്ന് പുറത്താക്കാൻ ജനപ്രതിനിധികൾ തീരുമാനിക്കുന്നത്.
സർക്കാരിന്റെ അടിയന്തര ധനവിനിയോഗ ബിൽ പാസാക്കാൻ സ്പീക്കർ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
ബിൽ അടിയന്തരമായി പാസായിരുന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ ബജറ്റില്ലാതെ സ്തംഭിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. മെക്കാർത്തിയെ പുറത്താക്കിയശേഷം നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി പാട്രിക് മക്ഹെൻറിയാണ് താൽകാലികമായി സഭയെ നയിക്കുന്നത്.