വാഷിംഗ്ടൺ ഡിസി: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയെ പുറത്താക്കി. 210ന് എതിരേ 216 വോട്ടുകൾക്കാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ മക്കാർത്തിയെ പുറത്താക്കിയത്.
ഫ്ലോറിഡയിൽനിന്നുള്ള കോൺഗ്രസ് അംഗം മാറ്റ് ഗെയ്റ്റ്സിന്റെ നേതൃത്വത്തിൽ എട്ടു റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് വോട്ട് ചെയ്തു.
ആദ്യമായാണ് സിറ്റിംഗ് അമേരിക്കൻ സ്പീക്കറെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നത്. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കന്മാർക്കാണു ഭൂരിപക്ഷം. റിപ്പബ്ലിക്കൻമാർക്ക് 221 അംഗങ്ങളും ഡെമോക്രാറ്റുകൾക്ക് 212 അംഗങ്ങളുമാണുള്ളത് .
സർക്കാരിന്റെ അടിയന്തര ധനവിനിയോഗ ബിൽ പാസാക്കാൻ സ്പീക്കർ മക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
സ്പീക്കറുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ അംഗങ്ങൾതന്നെയാണ് പുറത്താക്കാനുള്ള പ്രമേയം കൊണ്ടുവന്നത്.
സ്പീക്കർസ്ഥാനത്തേക്കു വീണ്ടും മത്സരിക്കില്ലെന്ന് അനുയായികളോട് മക്കാർത്തി അറിയിച്ചതായി വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനാണ് മാറ്റ് ഗെയ്റ്റ്സ്.
ഡെമോക്രാറ്റിക് പാർട്ടി നേതാവ് നാൻസി പെലോസി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് മക്കാർത്തി സ്പീക്കറായത്. ഈ വർഷം ജനുവരിയിലാണ് മക്കാർത്തി സ്പീക്കറായത്. 15 തവണ വോട്ടെടുപ്പ് നടത്തിയശേഷമാണു ഭൂരിപക്ഷം നേടി ഇദ്ദേഹം സ്പീക്കറായത്.
2019 മുതൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കന്മാരുടെ നേതാവായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ അംഗം പാട്രിക് മക്ഹെന്റിയെ താത്കാലിക സ്പീക്കറായി തെരഞ്ഞെടുത്തു. പുതിയ സ്പീക്കർക്കായി ഉടൻ തെരഞ്ഞെടുപ്പുണ്ടാകും.