കോഴിക്കോട്: മരുതോങ്കര ജാനകിക്കാട്ട് കാട്ടുപന്നികള്‍ ചത്തത് ആഫ്രിക്കന്‍ പന്നിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. കാട്ടുപന്നികളുടെ രണ്ടു സാമ്പിളുകളിലാണ് വൈറസ് സാന്നിധം സ്ഥിരീകരിച്ചത്.
നിപബാധിത പ്രദേശമാണ് മരുതോങ്കര. ഇവിടെയുള്ള മുഹമ്മദലിയാണ് ഓഗസ്റ്റ് 30ന് കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ നിപ ബാധിച്ച് മരിച്ചത്.
അതിനിടയ്ക്കു കാട്ടുപന്നികള്‍ ചത്തുകിടന്നത് നിപ ബാധിച്ചിട്ടാണോ എന്ന സംശയം ജനിപ്പിച്ചിരുന്നു. അതിനാല്‍ കാട്ടുപന്നികളുടെ സാമ്പിളുകള്‍ നിപ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
എന്നാല്‍ നിപ വൈറസിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ജാനകിക്കാടിന്റെ പരിസര പ്രദേശങ്ങളിലുള്ള പന്നി ഫാമുകളില്‍നിന്ന് രണ്ടു സാമ്പിളുകളും വനത്തിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പന്നികളുടെ രണ്ടു സാമ്പിളുകളുമടക്കം നാലു സാമ്പിളുകളാണ് ഭോപ്പാലിലെ ദേശീയ വൈറോജി ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നത്.
ഫാമുകളിലെ പന്നികളുടെ സാമ്പിളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.പന്നിപ്പനി ബാധിച്ചാല്‍ പന്നികള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.
മനുഷ്യെര ഇതു ബാധിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.കടുത്ത പനി, മൂക്കില്‍ നിന്ന് സ്രവം പുറത്തേക്ക് ഒഴുകുക എന്നിവയാണ് ലക്ഷണങ്ങള്‍.
പന്നികളെ വ്യാപകമായി കൊന്നൊടുക്കുന്നതാണ് രോഗം. കാട്ടുപന്നികള്‍ ചത്തനിലയില്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ പോകരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.