എസ്.ആർ. സുധീർ കുമാർ
കൊല്ലം: വന്ദേഭാരത് സ്ലീപ്പർ ടെയിനുകളുടെ ആദ്യ പതിപ്പ് നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കു വച്ചു. 2024 മാർച്ചോടെ സർവീസ് ആരംഭിക്കാൻ കഴിയുമെന്ന സൂചനയും മന്ത്രി നൽകിയിട്ടുണ്ട്.
റെയിൽവേ വികാസ് നിഗം ലിമിറ്റഡും റഷ്യയിലെ ടിഎംഎച്ച് ഗ്രൂപ്പിന്റെയും കൺസോർഷ്യവും ചേർന്നാന്ന് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം നിർവഹിക്കുന്നത്.
ചെന്നെയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും സംയുക്തമായാണ് കോച്ചുകളുടെ ഡിസൈനും ഇന്റീരിയറും രൂപകൽപ്പന ചെയ്തിട്ടുള്ളത്.
നിലവിലെ സ്ലീപ്പർ കോച്ചുകളേക്കാൾ വിശാലമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയറുകൾ, കൂടുതൽ വിശാലവും സൗകര്യവുമുള്ള ടോയ് ലറ്റുകൾ എന്നിവ കോച്ചുകളുടെ പ്രധാന പ്രത്യേകതകളാണ്.
ഒരു ട്രെയിനിൽ 857 ബർത്തുകൾ ഉണ്ടാകും. ഇതിൽ 823 എണ്ണം യാത്രക്കാർക്ക് വേണ്ടിയാണ്. 34 ബർത്തുകൾ റെയിൽവേ ജീവനക്കാർക്ക് വേണ്ടിയും മാറ്റിവയ്ക്കും.
സാധാരണ സ്ലീപ്പർ കോച്ചുകളിൽ നാല് ടോയ്ലറ്റുകളാണ് ഉള്ളതെങ്കിൽ വന്ദേ ഭാരത് സ്ലീപ്പറിൽ മൂന്നെണ്ണമേ ഉണ്ടാകൂ. എല്ലാ കോച്ചുകളിലും ഒരു മിനി പാൻട്രിയും സജ്ജീകരിച്ചിട്ടുണ്ട്.ഇത്തരത്തിൽ പത്ത് ട്രെയിനുകളാണ് പ്രഥമ ഘട്ടത്തിൽ നിർമിക്കുന്നത്.
ഒരു വണ്ടിയിൽ 16 കോച്ചുകൾ ഉണ്ടാകും. എൻജിൻ കൂടാതെ തേർഡ് ക്ലാസ് ഏസി-11 എണ്ണം, രണ്ടാം ക്ലാസ് ഏസി-നാല്, ഫസ്റ്റ് ക്ലാസ് ഏസി-ഒന്ന് എന്നിങ്ങനെയാണ് കോച്ചുകളുടെ ക്രമീകരണം. ഒറ്റ രാത്രി കൊണ്ട് അതിവേഗ എക്സ്പ്രസ് ട്രെയിനുകളിൽ ദീർഘദൂര യാത്രയ്ക്ക് സൗകര്യം ഒരുക്കുക എന്നതാണ് വന്ദേ ഭാരത് സ്ലീപ്പറിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.