സീമ മോഹന്‍ലാല്‍
കൊച്ചി: രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 75 പോലീസ് ഉദ്യോഗസ്ഥരാണ്.ഇന്നലെ കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മൂവാറ്റുപുഴ റാക്കാട് മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
തന്റെ 12 ഇന്‍ക്രിമെന്റുകള്‍ സഹപ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതടക്കമുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ ഉള്ളത്. മാള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഇന്നലെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തുകയുണ്ടായി.കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുമ്പോള്‍ പോലീസിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും സേനയിലെ തൊഴില്‍ അന്തരീക്ഷം അത്ര മെച്ചമല്ലെന്നാണ് പോലീസിലെ ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്.
ജോലിക്കൂടുതലും മേലധികാരികളുടെ പീഡനവും വിശ്രമക്കുറവും ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് പല ആത്മഹത്യാക്കുറിപ്പുകളും വ്യക്തമാക്കുന്നു.
കൂടുതൽ എറണാകുളത്തും തിരുവനന്തപുരത്തും
എറണാകുളം, തിരുവനന്തപുരം റൂറല്‍ ജില്ലകളിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. 2016 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ പോലീസ് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അന്ന് 16 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ആത്മഹത്യയില്‍ അഭയം തേടിയവരില്‍ കൂടുതല്‍ പേരും 50 നും 55 നും ഇടയിലുളളവരാണ്.
ജോലിയില്‍ പ്രവേശിച്ച് അധികനാള്‍ ആകാത്ത 23 പോലീസ് ഉദ്യോഗസ്ഥരും ആത്മഹത്യ ചെയ്യുകയുണ്ടായി. ഏഴു വനിതാ പോലീസുകാരികളും ആത്മഹത്യ ചെയ്തവരുടെ കൂട്ടത്തിലുണ്ട്.
ജോലിക്കൂടുതലും വിശ്രമക്കുറവും
പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ജൂണില്‍ രണ്ട് ഐജിമാര്‍ ഡിജിപിക്ക് സമര്‍പ്പിക്കുകയുണ്ടായി. ജോലിക്കൂടുതലും വിശ്രമക്കുറവും ഉദ്യോഗസ്ഥരില്‍ മാനസിക സമ്മര്ദമുണ്ടാക്കുന്നുവെന്നായിരുന്നു ഉത്തരമേഖല, ദക്ഷിണമേഖല ഐജിമാരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
പ്രഷര്കുക്കറിലെന്ന പോലെയാണ് ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും അവസ്ഥ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ പോലീസുകാര്‍ക്കും കൗണ്‍സലിംഗ് നല്‍കുന്നതിന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
എന്നാല്‍ ഒരു കൗണ്‍സലിംഗിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതല്ല കേരള പോലീസിലെ ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പരാതി കേൾക്കാൻ മേലുദ്യോഗസ്ഥർ തയാറാകുന്നില്ല
പോലീസുകാരെ കേള്‍ക്കാന്‍ മേലുദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നാണ് പലരുടെയും പരാതി. കഴിഞ്ഞ ദിവസം എറണാകുളം ആലുവ പോലീസ് സ്റ്റേഷനില്‍ റൂറല്‍ എസ്പി നടത്തിയ സഭയില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാത്തതിലും കടുത്ത പ്രതിഷേധം പോലീസുകാര്‍ക്കിടയിലുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സ്റ്റേഷനുകളില്‍ യോഗ നടപ്പാക്കിയെങ്കിലും അത് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കൂട്ടാനെ ഉപകരിച്ചുള്ളൂവെന്നാണ് പോലീസുകാര്‍ പറയുന്നത്.
കാരണം ഡ്യൂട്ടി കഴിഞ്ഞ് രാത്രി പത്തിന് വീട്ടിലെത്തുന്ന പോലീസുകാരന് പിറ്റേന്ന് രാവിലെ ഏഴിന് നടക്കുന്ന യോഗയില്‍ പങ്കെടുക്കുന്നതിനായി വളരെ നേരത്തെ വീട്ടില്‍ നിന്നിറങ്ങണം.
പല ജില്ലകളിലും 60 കിലോ മീറ്ററോളം അകലെ വീടുള്ള പോലീസുകാരാണ് ഉള്ളത്. വീടിനടുത്ത് ജോലി ചെയ്യാന്‍ പാടില്ലെന്ന പഴയ മാമൂല് ഇപ്പോഴും സേനയില്‍ തുടരുകയാണ്.
സ്വകാര്യ ആവശ്യങ്ങള്‍ക്കു സമയം കണ്ടെത്താനോ കുടുംബത്തോടൊപ്പം അല്പനേരം ചെലവഴിക്കാനോ പലര്‍ക്കും കഴിയാറില്ല. ഏല്‍പ്പിച്ച കേസുകളില്‍ വീഴ്ച വരുത്തിയാല്‍ മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടാകുന്ന നടപടി ഭയക്കുന്നവരും കുറവല്ല.
അതിനാല്‍ തന്നെ മാനസിക സമ്മര്‍ദം താങ്ങാനാവാതെ പലരും ആത്മഹത്യയില്‍ അഭയം തേടുന്ന സ്ഥിതിവിശേഷമാണുള്ളത്.
കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റു കാരണങ്ങളാണ്. ജോലിഭാരം താങ്ങാനാവാതെ നാടുവിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.