പത്തനംതിട്ട: ഒളിവിലായിരുന്ന നിയമനക്കോഴക്കേസ് പ്രതി അഖില്‍ സജീവിനെ തമിഴ്നാട്ടിലെ തേനിയില്‍നിന്നു പത്തനംതിട്ട പോലീസ് പിടികൂടി.
ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനംചെയ്തു മലപ്പുറം സ്വദേശി ഹരിദാസനില്‍നിന്നു പണം വാങ്ങിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖില്‍ സജീവനെ പിടികൂടിയത്.
പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറും സംഘവുമാണ് അഖിലിനെ തേനിയില്‍ കണ്ടെത്തിയത്. തേനി ബസ് സ്റ്റാന്‍ഡ് റോഡ് പരിസരത്തുനിന്ന് ഇന്നു പുലര്‍ച്ചെ അഖിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അഖില്‍ സജീവ് ഏറെനാളായി ഒളിവിലായിരുന്നു.
ഒളിവില്‍ കഴിഞ്ഞുവരവേയാണ് ഇയാള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപമെത്തി ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടു കോഴ വാങ്ങിയെന്ന പരാതി ഉണ്ടായത്.
ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേരും തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അഖില്‍ മാത്യു എന്നപേരിൽ ആള്‍മാറാട്ടം നടന്നുവെന്ന നിഗമനമാണ് പോലീസിനുള്ളത്.
പത്തനംതിട്ടയില്‍ സിഐടിയു ജില്ലാ കമ്മിറ്റിയുടെ പണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയശേഷം അഖിലിന്റെ അറസ്റ്റ് കന്റോണ്‍മെന്റ് പോലീസും രേഖപ്പെടുത്തും.
അഖിലില്‍നിന്ന് നിയമനത്തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. കോട്ടയം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി നിയമനം അടക്കമുള്ള പരാതികളില്‍ അഖിലിന്റെ ബന്ധം കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമനക്കോഴക്കേസില്‍ അഖില്‍ സജീവിന്റെ പങ്കു വെളിപ്പെട്ടതോടെ ഇയാളെ പിടികൂടാന്‍ വേണ്ടി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ഒളിവില്‍ കഴിയുമ്പോള്‍തന്നെ ഇയാള്‍ ഒന്നിലേറെ തവണ സ്വകാര്യ ചാനലുകള്‍ക്ക് ഓണ്‍ലൈനായി അഭിമുഖം നല്‍കിയിരുന്നു. നിയമനക്കോഴയുമായി ബന്ധപ്പെട്ട ഇടപാടുകളും അഖില്‍ സ്വകാര്യ ചാനലുമായുള്ള അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം കേസിന്റെ പശ്ചാത്തലത്തില്‍ അഖിലിനെ പിടികൂടാന്‍ പോലീസിനു കര്‍ശന നിര്‍ദേശമുണ്ടായി. പത്തനംതിട്ട എസ്പി വി. അജിത്തിന്റെ ചുമതലയില്‍ പ്രത്യേകസംഘം രൂപീകരിച്ചിരുന്നു.
അഖിലിന്റെ ഫോണ്‍ സിഗ്നലുകള്‍ പരിശോധിച്ചു സൈബര്‍ പോലീസ് സഹായത്തോടെ ചെന്നൈയിലെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ നെറ്റ് കോളുകള്‍ മാത്രമാണ് സമീപകാലത്ത് അഖിൽ ഉപയോഗിച്ചുവന്നിരുന്നത്. തുടര്‍ന്ന് മറ്റൊരു സംഘം തേനിയിലേക്ക് പോകുകയായിരുന്നു.
സിഐടിയു ഓഫീസിലെ പണാപഹരണക്കേസിലും പ്രതി
സിഐടിയു ജില്ലാ കമ്മിറ്റിയുടെ 3.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പത്തനംതിട്ട പോലീസ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നു പണം നഷ്ടമായതുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്.
ഇതിനു മുമ്പായി 2021ല്‍ മറ്റൊരു കേസും ഇയാള്ക്കെതിരേയുണ്ടായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായിട്ടു കൂടി അഖിലിന്റെ അറസ്റ്റ് നടക്കാത്തതു ചില സിപിഎം നേതാക്കളുടെ ഇടപെടൽ മൂലമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അപ്പു എന്ന പേരില്‍ അഖില്‍ സജീവിന് സിപിഎമ്മിലും നാട്ടിലുമുള്ള സ്വാധീനം ഏറെയായിരുന്നുവെന്ന് പറയുന്നു. അഖിലിനെതിരേ മറ്റൊരു തട്ടിപ്പുകേസും സമീപദിവസങ്ങളില്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ അവിടെനിന്ന് നേതാക്കളുടെ കള്ളഒപ്പിട്ടാണ് ലക്ഷങ്ങള്‍ തട്ടിയത്. മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറിക്കും ഇയാളെക്കുറിച്ച് നിരവധി പരാതികള്‍ ചെന്നിരുന്നു. സിഐടിയു ജില്ലാ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവേ ജില്ലാ കമ്മിറ്റിയുടെ പേരില്‍ കേരള ബാങ്കില്‍ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അഖിലിനെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നത്.