വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം വീടിനുള്ളിൽ മരിച്ചനിലയിൽ. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണു സംഭവം.
തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ10 വയസുള്ള മകനും ആറു വയസുള്ള മകളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച്ച വൈകീട്ട് ഇവരുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ ബന്ധുവാണ് സംഭവം പോലീസിൽ അറിയിച്ചത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകമായിട്ടാണ് പോലീസ് അന്വേഷിക്കുന്നത്.
പോസ്റ്റ് മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഇന്ത്യക്കാർ കൂടുതലായി താമസിച്ചു വരുന്ന സ്ഥലത്താണു സംഭവം.
തേജും സൊണാലും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് ഇവരുമായി അടുപ്പമുള്ളവർ പറയുന്നു. ഇരുവരും ഐടി ജോലിക്കാരാണ്.