തലശേരി: പാനൂർ നഗരസഭാ ചെയർമാനെ ഇഡിയെകൊണ്ട് ചവിട്ടിക്കൂട്ടി ഉത്തർപ്രദേശിൽ കൊണ്ടു പോയിടുമെന്നതുൾപ്പെടെയുള്ള വിവാദ ശബ്ദ സന്ദേശത്തെ തുടർന്ന് പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണിന്റെ കസേര തെറിച്ചു. പ്രവീണിനെ മാനന്തവാടിക്ക് സ്ഥലംമാറ്റി സർക്കാർ ഉത്തരവിട്ടു.
ചെയർമാനെതിരെയും മുസ്ലിം സമുദായത്തിനെതിരേയുമുള്ള സെക്രട്ടറിയുടെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തായത്.
കേന്ദ്രമന്ത്രിയായിരുന്ന മുക്താർ അബ്ബാസ് നഖ്വിയുടെ കസേര തെറിപ്പിച്ചത് താനാണെന്ന് സെക്രട്ടറി അവകാശപ്പെടുന്നുണ്ട്. സൗദിയിലെ കേയി റുബാത്തിന്റെ ആറായിരം കോടി കേയിമാർക്ക് നൽകാൻ നഖ്വി ആയിരം കോടി കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതറിഞ്ഞ താൻ ഇടപെട്ടാണ് നഖ്വി യുടെ മന്ത്രി സ്ഥാനം തെറിപ്പിച്ചതെന്നുമാണ് സെക്രട്ടറിയുടെ അവകാശവാദം
. പി.കെ. കൃഷ്ണദാസ് എനിക്കൊന്നുമല്ല പിന്നെയല്ലേ നിന്റെ നാസർ മാഷും ബാഫഖി തങ്ങളും എന്ന പരാമർശവും ശബ്ദ സന്ദേശത്തിലുണ്ട്.
ഇസ്ലാമിക് ബ്രദർ ഹുഡ് ഉൾപ്പെടെയുള്ള തീവ്ര വാദ സംഘടനകളുടെ പേരും ശബ്ദ സന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്. നഗരസഭ ചെയർമാന് രണ്ട് മുഖമാണെങ്കിൽ എനിക്ക് രാവണനെ പോലെ പത്ത് തലയാണ്.
എനിക്ക് പലരേയും സംരക്ഷിക്കണം. അടങ്ങി ഒതുങ്ങിനിന്നാൽ ചെയർമാന് കൊള്ളാം. നഗരസഭ സെക്രട്ടറിയുടെ എട്ടു മിനിറ്റും 34 സെക്കൻഡും നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശം ശ്രവിക്കുന്ന നഗരസഭാ ജീവനക്കാരനായ അശോകനോട് “അശോകന് ഒന്നുമറിയില്ലെന്നും’ ഇദ്ദേഹം പറയുന്നു.
സെക്രട്ടറി പറയുന്ന വർഗീയ പരാമർശങ്ങളെ ചെറുക്കാൻ ജീവനക്കാരൻ നടത്തുന്ന ശ്രമങ്ങളും ശബ്ദ സന്ദേശത്തിൽ തിരിച്ചറിയാനാകുന്നുണ്ട്. വർഗീയ വിഷം തുപ്പുന്ന സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്തു വന്നതോടെ പാനൂരിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.