മാവേലിക്കര: ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സിഐയെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതികളായ മൂന്നു സ്ത്രീകളെ 13 വര്‍ഷം തടവിനും 50,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡി. ജില്ലാ കോടതി-3 ജഡ്ജി എസ് എസ് സീന ഉത്തരവായി.
ഉളവുക്കാട് വന്മേലിത്തറയില് ആതിര (ചിന്നു-23) ആതിരയുടെ അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെയാണ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 13 വര്‍ഷം ശിക്ഷിച്ചെങ്കിലും ഏഴു വര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഒരു ലക്ഷം മീനകുമാരിക്ക് നല്‍കണം.
50000 രൂപ സര്‍ക്കാരില്‍ കെട്ടിവയ്ക്കണം. ആലപ്പുഴ വനിത സെല്ലില്‍ സിഐ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനകുമാരിയെ (59) ആക്രമിച്ച കേസിലാണ് വിധി.
2016 ഏപ്രില്‍ 23 ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്മേലില് കോളനി നിവാസികളായ 51 പേര് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു മീനകുമാരിയും (59) വനിത സിവില്‍ പൊലീസ് ഓഫീസര്‍ ലേഖയും ജീപ്പ് ഡ്രൈവര്‍ ഉല്ലാസും അന്വേഷണത്തിനെത്തിയത്.
ആതിരയുടെ വീട്ടിലെത്തിയ മീനകുമാരി പരാതി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രവാദവും മറ്റും നിര്‍ത്തി വിദ്യാഭ്യാസം തുടരണമെന്ന് ആതിരയെ ഉപദേശിച്ച മീനകുമാരി ഏപ്രില്‍ 26 ന് വനിത സെല്ലില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു.
പെട്ടെന്നായിരുന്നു ആതിരയുടെയും ശോഭനയുടെയും രോഹിണിയുടെയും ഭാഗത്തുനിന്ന് ആക്രമണമുണ്ടായതെന്ന് മീനകുമാരിയുടെ മൊഴിയില്‍ പറയുന്നു.
ആക്രമണത്തില്‍ പെരുവിരലിന് ഗുരുതര പരിക്കേറ്റ മീനകുമാരിയെ ലേഖയും ഉല്ലാസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ലേഖയും ആക്രമിക്കപ്പെട്ടു.
പരിക്കേറ്റ മീനകുമാരിയെ ഉടന്‍ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയക്ക് ശേഷം 89 ദിവസം ഇവര്‍ ജോലിക്ക് കയറാനാവാതെ വീട്ടില്‍ കഴിഞ്ഞു. നൂറനാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആതിരയെ മാത്രം പ്രതി ചേര്‍ത്താണ് പോലീസ് ചാര്‍ജ് ഷീറ്റ് നല്‍കിയത്.
പിന്നീട് ഉന്നത പൊലീസ് അധികാരികള്‍ക്ക് മീനകുമാരി നല്കിയ പരാതിയെ തുടര്‍ന്ന് മാവേലിക്കര സിഐ ആയിരുന്ന പി. ശ്രീകുമാര്‍ 2017 സെപ്റ്റംബര്‍ 2 ന് പുനരന്വേഷണം തുടങ്ങി.
തുടര്‍ന്നാണ് ശോഭനയെയും രോഹിണിയെയും കൂടി പ്രതി ചേര്‍ത്ത് കോടതിയില്‍ ചാര്‍ജ്ഷീറ്റ് നല്‍കിയത്. 21 സാക്ഷികളെ കേസില്‍ വിസ്തരിച്ചു.
സത്യം ജയിച്ചു: മീനാകുമാരി
മാവേലിക്കര: ഒടുവില്‍ സത്യം ജയിച്ചെന്ന് കേസിലെ വാദി മീനാകുമാരി ഫോണിലൂടെ പ്രതികരിച്ചു. 2020 മെയ്മാസത്തില്‍ സര്‍വീസില്‍ നിന്നു വിരമിച്ച് മലപ്പുറം ചേലാമ്പ്രയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് മീനകുമാരി. വലിയ ആശ്വാസം തോന്നുന്നെന്ന് അവര്‍ പറഞ്ഞു.
സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് തൃശൂരില്‍ നിന്ന് സ്ഥലംമാറിയെത്തി ആലപ്പുഴ വനിതാ സെല്‍ സിഐ ആയി ചുമതലയേറ്റത്. പാലമേല്‍ എന്ന് കേട്ടിട്ടേയുള്ളു.
മാവേലിക്കരയിലേക്ക് വരുന്നതു തന്നെ ആദ്യമായാണ്. കളക്ടര്‍ നേരിട്ടു വിളിച്ചു പറഞ്ഞ ഉടന്‍ അന്വേഷണത്തിനിറങ്ങുകയായിരുന്നു.
സ്ഥലത്തെത്തി ആതിരയോട് സംസാരിച്ച് നില്ക്കുന്നതിനിടയില് അപ്രതീക്ഷിത ആക്രമണം ഉണ്ടായപ്പോള്‍ പകച്ചു പോയി. പിന്നീട് ചികിത്സയും വിശ്രമവും മറ്റുമായി മൂന്നു മാസത്തോളം ജോലിക്ക് പോകാനായില്ല.