ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസിഎൽ) പൈപ്പ്ലൈനില്‍ നിന്ന് നാലു മാസമായി എണ്ണ ചോർത്തിക്കൊണ്ടിരുന്ന പ്രതി പിടിയിൽ.
ഡൽഹി സ്വദേശിയായ 52 വയസുകാരനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ് അഥവാ ഗോലു എന്നാണ് ഇയാളുടെ പേരെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
40 മീറ്ററോളം നീളത്തില്‍ ഭൂഗര്‍ഭതുരങ്കം ഉണ്ടാക്കിയായിരുന്നു ഇയാളുടെ എണ്ണ ചോര്‍ത്തല്‍. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ജൂണ്‍ മാസം മുതല്‍ ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ എണ്ണ ഇയാൾ ഊറ്റിയെടുത്തു എന്നു കണ്ടെത്തിയിട്ടുണ്ട്.പോചന്‍പുര്‍ കോളനിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനില്‍ നിന്നായിരുന്നു ചോര്‍ത്തല്‍ നടത്തിവന്നത്.
ഭൂമിക്കടിയില്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ചിരുന്ന പൈപ്പ് ലൈനിലേക്ക് തുരങ്കമുണ്ടാക്കിയ പ്രതി പൈപ്പ് ലൈനില്‍ ദ്വാരമുണ്ടാക്കി അതില്‍ മറ്റൊരു പൈപ്പ് ഘടിപ്പിച്ച് എണ്ണ അതിലൂടെ ചോര്‍ത്തുകയായിരുന്നു.
കമ്പനി നടത്തിയ പരിശോധനയില്‍ എണ്ണയുടെ അളവില്‍ വ്യത്യാസം കണ്ടെത്തുകയായിരുന്നു. പോചന്‍പുര്‍ ഭാഗത്ത് എണ്ണമോഷണം സംശയിച്ചതിനെ തുടർന്ന് സെപ്റ്റംബര്‍ 29ന് പരാതി നല്‍കുകയായിരുന്നു.
തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയ പോലീസ് ഐഒസിയുടെ പൈപ്പ്ലൈനില്‍ മറ്റൊരു പൈപ്പ്ലൈന് ഘടിപ്പിച്ചത് കണ്ടെത്തി. ഈ പൈപ്പിന്റെ ഉറവിടം തേടിയപ്പോൾ എത്തിച്ചേർന്നത് പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു.
തുരങ്കനിര്‍മാണത്തിനും പൈപ്പ് ഘടിപ്പിക്കുന്നതിനും ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തു.