എസ്.ആർ.സുധീർ കുമാർ
കൊല്ലം: വന്ദേ ഭാരത് എക്സ്പ്രസിലെ പുകവലിക്കാർ ജാഗ്രതൈ. ശൗചാലയത്തിലോ വാതിൽപ്പടിക്ക് സമീപമോ ഒളിച്ചിരുന്ന് പുകവലിച്ചാൽ വണ്ടി അവിടെ നിൽക്കും, അഥവാ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിടും.
പിന്നെ എന്തു ചെയ്യണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ലോക്കോ പൈലറ്റിന്റേതാണ്.കോച്ചുകൾക്കുള്ളിൽ ശൗചാലയത്തിലടക്കം സ്മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്.
പുകയുടെ അളവ് സെൻസറിൽ രേഖപ്പെടുത്തും. നിർദിഷ്ട അളവിൽ കൂടുതൽ പുക ഉണ്ടായാൽ ലോക്കോ പൈലറ്റിന്റെ കാബിനിൽ അലാറം മുഴങ്ങും. അപ്പോൾ തന്നെ വണ്ടി നിർത്തിയിടും.
അലാറം മുഴങ്ങുന്ന സമയത്ത് തന്നെ ഏത് കോച്ചിൽ എവിടെ നിന്നാണ് പുക ഉണ്ടായതെന്ന് സ്ക്രീനിൽ കാണാനും ലോക്കോ പൈലറ്റിന്റെ കാബിനിൽ സൗകര്യമുണ്ട്.
കോച്ചുകളിൽ റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സാന്നിധ്യമുണ്ട്. പുകയുടെ വിവരം ഉടൻ ലോക്കോ പൈലറ്റ് അവരെ അറിയിക്കും.
ജീവനക്കാർ എത്തി ആദ്യം പുകയുടെ കാരണവും ഉറവിടവും കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഈ പരിശോധന. ഇത് കഴിഞ്ഞ് തീപിടിത്തത്തിന് സാധ്യതയില്ലെന്ന് ഉറപ്പ് വരുത്തി റിപ്പോർട്ട് നൽകിയാൽ മാത്രമേ ലോക്കോ പൈലറ്റ് യാത്ര തുടരുകയുള്ളൂ.
വന്ദേ ഭാരതിന്റെ ശൗചാലയത്തിൽ ഇത്തരം ആധുനിക സംവിധാനങ്ങൾ ഉണ്ടെന്ന് യാത്രക്കാർക്ക് അറിയില്ല. ഇതുകാരണമാണ് പലരും അകത്തു കയറി പുക വലിക്കുന്നത്.
കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ഇത്തരത്തിൽ രണ്ട് തവണ നിർത്തിയിട്ടു. രണ്ടു സംഭവങ്ങളും നടന്നത് വടക്കൻ ജില്ലകളിലാണ്. പുകവലിക്കാരെ പിടികൂടി വൻ തുക പിഴ ഈടാക്കുകയും ചെയ്തു.
രണ്ട് സംഭവങ്ങളിലും അപ്രതീക്ഷിതമായി വണ്ടി നിർത്തിയിട്ടതും ജീവനക്കാരുടെ പരിശോധനാ സന്നാഹവും യാത്രക്കാരെ പരിഭ്രാന്തരാക്കുകയും ചെയ്തു.
ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് നിർത്തിയിടേണ്ടിയും വന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ തീപിടിത്ത സാധ്യത തിരിച്ചറിഞ്ഞ് അതിവേഗ സുരക്ഷ ഒരുക്കാനാണ് റെയിൽവേ ഇപ്പോൾ കോച്ചുകളിൽ സ്മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ സ്ഥാപിക്കുന്നത്.
പുതുതായി ഇറങ്ങുന്ന എൽഎച്ച്ബി കോച്ചുകളിലും ശൗചാലയങ്ങളിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതെ, ഇനി മുതൽ ശുഭയാത്രയ്ക്ക് തന്നെയാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നത്.