തൃശൂർ: കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്തും പരാതി കിട്ടിയ ഉടൻ നടപടിയെടുക്കാത്തതിനെ വിമർശിച്ചും മുൻ സഹകരണ മന്ത്രി കൂടിയായ സിപിഎം നേതാവ് ജി. സുധാകരന്റെ സ്വകാര്യ ചാനലിനോടുള്ള തുറന്നു പറച്ചിൽ പാർട്ടിയെ വെട്ടിലാക്കി.
ഇഡി അന്വേഷണം നേരിടുന്ന സിപിഎം നേതാക്കളെ സംരക്ഷിക്കാൻ പാർട്ടി സംരക്ഷണ സദസുകൾ സംഘടിപ്പിച്ചു വരുന്നതിനിടെ ജി. സുധാകരന്റെ തുറന്നു പറച്ചിൽ സിപിഎം നേതൃത്വത്തിന്റെ മുഖത്തേറ്റ അടി പോലെയായാെന്നു പാർട്ടിയിലുള്ളവർതന്നെ പറയുന്നു.
ഇഡി അന്വേഷണത്തെ ആർക്കും തടയാനാകില്ലെന്നും അവരോട് സത്യം തുറന്നു പറഞ്ഞ് വസ്തുതകൾ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നുമാണ് ജി. സുധാകരൻ വ്യക്തമാക്കിയത്. കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണന്റെ പേരെടുത്തു പറഞ്ഞുതന്നെയാണ് സുധാകരൻ വിമർശിച്ചത്.
കണ്ണന് എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയാൽ എന്താ കുഴപ്പം. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി കിട്ടിയപ്പോൾ തന്നെ അതു അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ സിപിഎമ്മിലെ ലക്ഷക്കണക്കിന് ആളുകൾക്കും നേതാക്കൾക്കും ഈ ആരോപണം കേൾക്കേണ്ടി വരുമായിരുന്നില്ല.
അത്തരക്കാരെ പുറത്താക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഏതാളായാലും തെറ്റു ചെയ്തവരെ പുറത്താക്കണമെന്നാണ് തന്റെ നിലപാടെന്നും സുധാകരൻ തുറന്നടിച്ചു.കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
അന്നു ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ് അന്വേഷണ കമ്മീഷനെ നിയമിച്ചു. മുൻ എംപി പി.കെ. ബിജു, പി.കെ. ഷാജൻ എന്നിവർ അന്വേഷണം നടത്തി പാർട്ടിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു.
പക്ഷേ റിപ്പോർട്ട് കിട്ടിയ സമയത്താണ് ബേബി ജോണ് മണലൂരിൽ മത്സരിക്കാനിറങ്ങിയത്. അതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി. നിലവിൽ ഇഡി അന്വേഷണം നേരിടുന്ന എ.സി. മൊയ്തീൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു വന്നപ്പോഴും കരുവന്നൂർ തട്ടിപ്പു കേസിനെ സംബന്ധിച്ച റിപ്പോർട്ടിൻമേൽ നടപടിയെടുത്തില്ല.
ഈ സംഭവത്തിൽ പ്രതിയായിട്ടുള്ളയാളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനും എ.സി. മൊയ്തീൻ പോയിരുന്നതായി പരാതിക്കാർതന്നെ പറഞ്ഞിരുന്നു. റിപ്പോർട്ട് മൂടിവച്ച് ഒരു നടപടിയും സ്വീകരിക്കാത്തതു മൂലമാണ് പാർട്ടിയെ ഒന്നടങ്കം മോശക്കാരായി ചിത്രീകരിക്കാനുള്ള അവസരമുണ്ടാക്കിയതെന്നാണ് സുധാകരൻ തുറന്നു പറഞ്ഞത്.
ഇതേ അഭിപ്രായം തന്നെയാണ് ജി്ല്ലയിലെ ചില സിപിഎം എംഎൽഎമാർക്കും മുതിർന്ന നേതാക്കളിൽ പലർക്കുമുള്ളത്. പക്ഷേ അതു തുറന്നു പറയാൻ പറ്റാത്ത സാഹചര്യമാണ്.
തങ്ങളുടെ അഭിപ്രായം തന്നെയാണ് മുതിർന്ന നേതാവ് ജി. സുധാകരൻ പറഞ്ഞതെന്നാണ് തൃശൂരിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
അങ്ങനെ ആരെങ്കിലും സത്യം വിളിച്ചു പറയാൻ പാർട്ടിയിലുണ്ടായാലേ ഇനിയെങ്കിലും കാര്യങ്ങൾ നേരോടെ നടത്താൻ സാധിക്കൂവെന്നും പേര് വെളിപ്പെടുത്താൻ തയാറല്ലാത്ത ഒരു പാർട്ടി എംഎൽഎ പറഞ്ഞു.