നീറ്റ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് സംഭവം. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ വച്ചാണ് ആത്മഹത്യ ചെയ്തത്.
ഭരത്പൂർ ജില്ലയിലെ നദ്ബായ് ടൗണിൽ താമസിക്കുന്ന നിതിൻ ഫൗജ്ദാർ ജൂണിൽ നീറ്റിന് തയ്യാറെടുക്കാൻ സിക്കാറിൽ എത്തിയിരുന്നു. ഒരു കോച്ചിംഗ് സെന്ററിൽ തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥി ശനിയാഴ്ച ക്ലാസ് ഒഴിവാക്കിയതായി ഉദ്യോഗ് നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര ഡെഗ്ര പറഞ്ഞു.
ഫൗജ്ദാറിന്റെ റൂംമേറ്റ് മുറി അകത്ത് നിന്ന് പൂട്ടിയതായി കണ്ടതിനെ തുടർന്ന് ജനൽ തുറന്നപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തിനിടെ സിക്കാറിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണിത്. സെപ്തംബർ 5 ന് കൗശൽ മീണ എന്ന വിദ്യാർഥി തന്റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു.
രാജസ്ഥാനിലെ കോട്ടയിൽ ഈ വർഷം ഇതുവരെ 23 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു – രാജ്യത്തെ കോച്ചിംഗ് ഹബ്ബിലെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ഇത് 15 ആയിരുന്നു. എഞ്ചിനീയറിംഗിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ), മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി പ്രതിവർഷം രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ കോട്ടയിലേക്ക് പോകുന്നു.