അപ്രതീക്ഷിതമായ് വന്യമൃഗങ്ങൾ ആക്രമിക്കാൻ വന്നാൽ എന്താണ് ചെയ്യുക? ചിലർ ഓടി രക്ഷപ്പെടാൻ ശ്രമിക്കും എന്നാൽ മറ്റ് ചിലർ ആകട്ടെ മനസാന്നിധ്യം കൊണ്ട് നേരിടും. എന്നാൽ ഇത്തരത്തിലൊരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് സംഭവം.
അവധിക്കാലം ആഘോഷിക്കാനായ് യുവതിയും യുവാവും കൂടി ഇവിടെ എത്തിയതാണ്. വീഡിയോയുടെ ആരംഭത്തിൽ രണ്ട് കാട്ട് പോത്തുകൾ നിൽക്കുന്നത് കാണാം. എന്നാൽ പെട്ടന്ന് തന്നെ അതിൽ ഒരെണ്ണം ഓടുകയാണ്.
ഇതിൽ ട്വിസ്റ്റ് എന്തെന്നാൽ ഓടുന്ന കാട്ടുപോത്തിന്റെ മുന്നിൽ ഈ യുവതിയും യുവാവും ഉണ്ട്. കാട്ടുപോത്തിൽ നിന്ന് ജീവൻ രക്ഷിക്കാൻ ഇരുവരും പായുകയാണ്. എന്നാൽ പാതി വഴിയിൽ യുവതി വീണു പോകുന്നു. ഇനി അങ്ങോട്ടുള്ള രംഗങ്ങൾ ശ്വാസം അടക്കിപ്പിടിച്ചെ കാണാനാകൂ.
ഓടി വീണ യുവതി വീണിടം വിദ്യയാക്കുകയാണ് ചെയ്തത്. തന്റെ മനസാന്നിധ്യം കൊണ്ട് അവിടെ അനങ്ങാതെ മരിച്ചത് പോലെ കിടന്നു. ഓടി അടുത്തേക്ക് വന്ന കാട്ടുപോത്ത് ആകട്ടെ അല്പസമയം യുവതിയുടെ അടുത്ത് നിന്നിട്ട് പിന്നോട്ട് പോയി. ശേഷം യുവതി എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം.
യുവതി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഈ വന്യജീവികളെ 23 കിലോമീറ്റർ അകലെ നിന്ന് കാണണമെന്നാണ് നിർദേശം. ഇവ അക്രമിക്കാറില്ലെങ്കിലും വന്യജീവികളുടെ കാര്യമായതിനാൽ എപ്പോൾ വേണെലും ആക്രമണം പ്രതീക്ഷിക്കാമെന്നുമാണ് അധികൃതർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധിപേരാണ് ഇവർ കാട്ടുപോത്തിന് അടുത്തേക്ക് പോയതിന് വിമർശനവുമായ് എത്തിയത്.