നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബോളിവുഡിൽ ഏതാനും നാളുകൾ മുമ്പ് വലിയ വിവാദമായിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ പല തരത്തിലുള്ള ഗൂഢാലോചനകളും ആരോപിക്കപ്പെട്ടിട്ടുണ്ട്. പല മുന്‍നിര താരങ്ങളെയടക്കം സോഷ്യൽ മീഡിയയും സമൂഹവും ഉത്തരവാദികളായി ചിത്രീകരിച്ചു.
സുശാന്തിന്റെ മരണം മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്ത്. താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതും ഈ രോഗാവസ്ഥയായിരുന്നു. സുശാന്തിന്റെ മരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയായിരുന്നു.
കേസില്‍ റിയയെ പ്രതിയാക്കുകയും റിയയ്ക്ക് മാസങ്ങളോളം ജയില്‍ വാസം അനുഭവിക്കേണ്ടി വരികയും ചെയ്തു. ഇപ്പോഴിതാ സുശാന്തിന്റെ മരണശേഷം ആദ്യമായൊരു പൊതുവേദിയിലെത്തിയിരിക്കുകയാണ് റിയ ചക്രവര്‍ത്തി. ഈ വേദിയിൽ റിയ പറഞ്ഞ കാര്യങ്ങലാണിപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്.
ഈ രാജ്യം മാനസികാരോഗ്യത്തെ മനസിലാക്കുന്നില്ല. പുതിയ തലമുറ അതേക്കുറിച്ച് സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യ മുന്നോട്ട് പോവുകയാണ്. പക്ഷെ പ്രശ്സതരായവര്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് മനസിലാക്കില്ല. നീ പ്രശസ്തനല്ലേ, നീ വിജയിച്ചു നില്ക്കുന്നയാളല്ലെ പിന്നെ എന്തിനാണ് വിഷാദം എന്നാണ് ചോദിക്കുക.
ചെറുപ്പം മുതലേ നമ്മളെ പണത്തിനും പ്രശസ്തിക്കും പിന്നാലെ പോകാനാണ് പഠിപ്പിക്കുന്നത്. അതു രണ്ടും നേടിയിട്ടും വിഷാദമാണെന്ന് പറയുമ്പോള്‍ സമൂഹത്തിന് മനസിലാകില്ല. പണവും പ്രശസ്തിയുമുള്ളവര്‍ക്ക് മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്ന് അംഗീകരിക്കാന്‍ സമൂഹത്തിന് ബുദ്ധിമുട്ടാണ്- റിയ പറഞ്ഞു.
സുശാന്തിന്റെ മരണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായി അറിയാമോ എന്ന ചോദ്യത്തിനും റിയ മറുപടി നല്‍കുന്നുണ്ട്. അവനെ അങ്ങനൊരു കാര്യം ചെയ്യുന്നതിലേക്ക് നയിച്ചത് എന്താണെന്ന് എനിക്കറിയില്ല. പക്ഷെ അവനു മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നത് അറിയാമായിരുന്നു. അവന് കടന്നു പോകുന്ന അവസ്ഥയും അറിയാമായിരുന്നു.
അവള് അവന്റെ ജീവിതത്തിലേക്ക് വന്നതോടെ അവന് മാറിപ്പോയെന്ന് ആളുകള്‍ പറഞ്ഞു. അവന് മുമ്പ് തന്നെ സ്വന്തമായൊരു വ്യക്തിത്വമുണ്ടായിരുന്നു. ചെറിയ പട്ടണത്തില്‍നിന്നു വന്നവനായിരുന്നു. ബോളിവുഡിലൊരു ഇടം കണ്ടെത്തി. അത് നിയന്ത്രിക്കാന്‍ പറ്റുന്നൊരാളുടെ മനസല്ല. അന്വേഷണം തുടരുകയാണ്, അവര്‍ ഉത്തരത്തിലേക്ക് എത്തും- റിയ വ്യക്തമാക്കി.
തനിക്കെതിരായ വേട്ടയാടലിനെക്കുറിച്ചും തന്നെ ദുര്‍മന്ത്രവാദിനി എന്ന് വിളിച്ചതിനെക്കുറിച്ചും റിയ പരിപാടിയില്‍ സംസാരിച്ചു. ദുര്‍മന്ത്രവാദിനി എന്ന പേര് എനിക്കിഷ്ടമാണ്. പണ്ടുകാലത്ത് ആരായിരുന്നു ദുര്‍മന്ത്രവാദിനി? പുരുഷാധിപത്യം നിറഞ്ഞ സമൂഹത്തില്‍ അതിന് അടിമപ്പെടാന്‍ തയാറാകാതിരുന്ന സ്ത്രീയാണ്.
സ്വന്തം ഇഷ്ടത്തിന് ജീവിച്ചവള്‍. സ്വന്തമായ അഭിപ്രായമുണ്ടായിരുന്നവള്. പുരുഷാധിപത്യത്തിന് എതിരായിരുന്നവള്. സ്വന്തമായ കാഴ്ചപ്പാടുകളും ചിന്തകളുമുണ്ടായിരുന്നവള്. ചിലപ്പോള്‍ ഞാന്‍ അതായിരിക്കാം. ചിലപ്പോള്‍ ഞാന്‍ ദുര്മന്ത്രവാദിനിയായിരിക്കാം-എന്നാണ് റിയ പറഞ്ഞത്.