തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരേ നിയമന കോഴ ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസ് ഇന്ന് കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലെത്തി.
ഇടനിലക്കാരനായ ബാസിത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായില്ല. രണ്ടാമതും വിശദമായ മൊഴി രേഖപ്പെടുത്താനും കോഴ വിഷയത്തിൽ വ്യക്തത വരുത്താനുമാണ് ഹരിദാസിനെ പോലീസ് വീണ്ടും വിളിച്ച് വരുത്തിയത്.
ഇന്ന് രാവിലെയോടെ ഹരിദാസ് പോലീസ് സ്റ്റേഷനിലെത്തി. ഹരിദാസിന്റെ മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസറായി നിയമനം ലഭിക്കാൻ കോഴപണം നൽകിയെന്നായിരുന്നു ഹരിദാസ് ആദ്യം ആരോപിച്ചത്.
1.75 ലക്ഷം രൂപ അഖിൽ സജീവ് ഇടനിലക്കാരനായി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും 75,000 രൂപ അഖിൽ സജീവും കൈപ്പറ്റിയെന്നായിരുന്നു ഹരിദാസ് നേരത്തെ ആരോപിച്ചത്. പിന്നീട് ഹരിദാസിന്റെ മൊഴികളിൽ മാറ്റമുണ്ടായി.
പണം വാങ്ങിയ ആളിനെ ഓർക്കുന്നില്ലെന്നും എവിടെ വച്ചാണ് പണം നൽകിയതെന്ന കാര്യം ഓർമയില്ലെന്നുമാണ് ഹരിദാസ് രാവിലെ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ഹരിദാസിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.
അതേ സമയം ഹരിദാസിനോടൊപ്പം സെക്രട്ടറിയേറ്റിലെത്തിയ എഐഎസ്എഫ് നേതാവ് അഡ്വ. ബാസിത്തിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദേശിച്ചിരുന്നു. ഇന്ന് ഹാജരാകുമെന്നാണ് ബാസിത്ത് പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഹാജരാകണമെന്നായിരുന്നു പോലീസ് നിർദേശിച്ചത്. കേസിലെ മുഖ്യപ്രതി അഖിൽ സജീവ് വെളിപ്പെടുത്തിയത് നിയമനകോഴയ്ക്ക് പിന്നിൽ ബാസിത്തും റഹീസും ലെനിൻരാജും അനുരൂപുമാണെന്നായിരുന്നു.
ഇതിൽ റഹീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലെനിൻരാജ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുകയാണ്.