പക്ഷികൾക്കും വളർത്തു മൃഗങ്ങൾക്കും ആരാധകരേറെയാണ്. വലിയ വില നൽകി അവയെ വാങ്ങാനും ആളുകളുടെ തിരക്കാണ്. എന്നാൽ ഇങ്ങനെ വലിയ വില നൽകി വാങ്ങിയ പക്ഷി പറന്നുപോവുകയും, അത് വീണ്ടും വിൽപനയ്ക്കായെത്തുകയും, അവസാനം അത് ഉടമയുടെ കൈകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
1.3 ലക്ഷം രൂപയ്ക്ക് ഹൈദരാബാദിൽ നിന്നുള്ള ഒരാൾ വാങ്ങിയ ഓസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ഓസ്ട്രേലിയൻ ഗാല കോക്കറ്റൂ ആണ് ഉടമയ്ക്കരികിൽ നിന്ന് പറന്നു പോയത്. വാങ്ങിയ ഈ പക്ഷിയെ അധിക കാലം കൂട്ടിലിടാൻ കഴിഞ്ഞില്ല. ഭക്ഷണം കൊടുക്കാനായി കൂട് തുറന്നപ്പോഴാണ് ഈ പക്ഷി പറന്നു പോയത്.
എന്നാൽ ഉടമ പക്ഷിയെ പരിസര പ്രദേശങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. ആ സമയത്താണ് സയ്ദ് മുജാഹിദ് എന്നൊരാൾ തന്റെ വാട്ട്സ് ആപ്പിൽ ഈ പക്ഷിയുടെ ചിത്രം സ്റ്റോറിയായി പങ്ക് വച്ചത്. പിന്നാലെ ഒരു പക്ഷി കച്ചവടക്കാരനിൽ നിന്നാണ് ഇതിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്.
സയ്ദ് 70000 രൂപയ്ക്ക് ഈ പക്ഷിയെ വില്പനയ്ക്കായി വച്ചിരിക്കുകയായിരുന്നു. മറ്റൊരു പക്ഷി കച്ചവടക്കാരനിൽ നിന്നും 50000 രൂപയ്ക്ക് ഈ പക്ഷിയെ താൻ വാങ്ങിയതാണെന്നാണ് സയ്ദ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ ഇയാൾക്ക് പക്ഷിയെ വിറ്റ കച്ചവടക്കാരൻ പറഞ്ഞത് 30000 രൂപയ്ക്കാണ് പക്ഷിയെ താൻ വാങ്ങിയതെന്നായിരുന്നു. അവസാനം ഉടമയ്ക്ക് തന്നെ പക്ഷിയെ തിരികെ കിട്ടി.