താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളുടെ സന്ദര്‍ശനത്തിന്റെ ആദ്യദിവസം സമാപിച്ചത് കോട്ടയം ജില്ലയുടെ അവലോകന യോഗത്തോടെയാണ്.
കോട്ടയം ജില്ലയിലെ ആറും എറണാകുളം ജില്ലയിലെ മൂന്നും ആശുപത്രികളിലാണ് (ആകെ 9) ഇന്നലെ സന്ദര്‍ശിച്ചത്.
ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായും ജനങ്ങളുമായും ആശയവിനിമയം നടത്തി. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു.
നിര്‍മ്മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വാര്‍ഡുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടോയ്ലറ്റുകളിലെ ശുചിത്വവും വിലയിരുത്തി. എന്റെ ഒപ്പം ആരോഗ്യവകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പിലെ മറ്റ് ഓഫീസര്‍മാരും ഉണ്ടായിരുന്നു.
അതത് സ്ഥലങ്ങളിലെ എംഎല്‍എമാരും ആശുപത്രികളില്‍ എത്തിയിരുന്നു. എസ്എംഎ രോഗബാധിതനായ 18 വയസുള്ള സഹോദരനെ തന്റെ ശരീരത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന വിമലും കീമോതെറാപ്പിക്ക് പോകുമ്പോള്‍ കാണാമെന്ന് ആഗ്രഹം അറിയിച്ച് കണ്ടപ്പോള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച മൂവാറ്റുപുഴ ആശുപത്രിയിലെ അമ്മയും അടക്കം കുറേയേറെ പേരുടെ മുഖങ്ങള്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ മനസില്‍ വീണ്ടും തെളിയുന്നു.
· കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ഒരു ഷിഫ്റ്റ് കൂടി. 3 ഷിഫ്റ്റുകള്‍ ആരംഭിക്കണം.
· പാലാ ആശുപത്രിയിലും ഡയാലിസിസ് മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങണം.
· കാഞ്ഞിരപ്പള്ളിയില്‍ ഡയാലിസിസ് ഇല്ല. ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ച് സമയബന്ധിതമായി സാധ്യമാക്കണം.
· എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് തുടങ്ങും.
· കാഞ്ഞിരപ്പള്ളിയില്‍ കാരുണ്യ ഫാര്‍മസി ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങണം.
· കുറവിലങ്ങാട് ജനറേറ്റര്‍ പ്രശ്നം പരിഹരിക്കുന്നതിന് നിര്‍ദേശം നല്കി. ഇന്നലെ വൈകുന്നേരത്തോടെ പ്രശ്നം പരിഹരിച്ചു.
· ചങ്ങനാശേരി ആശുപത്രിയിലും ഡയാലിസിസ് ആരംഭിക്കും
· വൈക്കം, പാമ്പാടി തുടങ്ങിയയിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനം മാര്‍ച്ച് 2023 ഓടു കൂടി പൂര്‍ത്തീകരിക്കണം.
· ആശുപത്രികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. അനര്‍ട്ടിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്കി.
· ബഹു. പ്രൊഫ. ജയരാജ്, ശ്രീ. മോന്‍സ് ജോസഫ്, ശ്രീമതി. സി.കെ. ആശ, ശ്രീ. ജോബ് മൈക്കിള്‍ തുടങ്ങിയ എംഎല്‍എമാര്‍ ഡയാലിസിസ് യൂണിറ്റിനും, ഇ ഹെല്ത്തിനും (അതാത് ഇടങ്ങളിലെ ആവശ്യം പോലെ) എംഎല്‍എ ഫണ്ടില്‍ നിന്നും പണം അനുവദിക്കാമെന്നും ഇന്നലെ തീരുമാനിച്ചു.
ഇക്കാര്യങ്ങളിൽ ചെറുതും വലുതുമായ കുറേ കാര്യങ്ങളുടെ പരിഹാരങ്ങളും ചില പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ ചിട്ടപ്പെടുത്തലുകളും ഇന്നലെ സാധ്യമായിട്ടുണ്ട്.
ജില്ലാ കളക്ടറും അവലോകനയോഗത്തിൽ പങ്കെടുത്തു. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.