അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് തയ്യാറാക്കിയ രഹസ്യ സര്‍വ്വേ. രാഹുല്‍ ഗാന്ധിയുടെ പ്രത്യേകനിര്‍ദേശപ്രകാരം നടത്തിയ സര്‍വേയ്ക്കു നേതൃത്വം നല്‍കിയത് പ്രഫഷണല്‍ ഏജന്‍സിയാണ്. ദളിത് പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഗുജറാത്തില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്ന കോണ്‍ഗ്രസിന് കടുത്ത ആഘാതമാണ് സര്‍വേ ഫലം. മുഴുവന്‍ മണ്ഡലങ്ങളിലും പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ആകെയുള്ള 182 സീറ്റില്‍ 97 എണ്ണം ബിജെപിക്കൊപ്പമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കോണ്‍ഗ്രസിന് 85 സീറ്റ് വരെ ലഭിക്കും. ബിജെപിക്കു 100 ശതമാനം വിജയസാധ്യതയുള്ള 52 സീറ്റുകളില്‍ മത്സരമേ ഉണ്ടാകില്ലെന്ന് സര്‍വേയില്‍ പറയുന്നു. ഇതില്‍ ഭൂരിപക്ഷവും നഗരപ്രദേശങ്ങളിലെ മണ്ഡലങ്ങളാകും. 45 സീറ്റുകളില്‍ 80-85 ശതമാനം വരെ ബിജെപി ഉറപ്പിച്ചവയാണ്-റിപ്പോര്‍ട്ട് അടിവരയിടുന്നു. കോണ്‍ഗ്രസിന് പൂര്‍ണ ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ എട്ടെണ്ണം മാത്രമാണ്.
ഗുജറാത്തില്‍ സംഘടനസംവിധാനത്തില് കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ബൂത്തുതല കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഇപ്പോഴും ഉറക്കത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തു.