ന്യൂയോര്‍ക്ക് സിറ്റി: കാനഡയില്‍ ഖലിസ്ഥാൻ ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന ആക്ഷേപവുമായി ബ്ലോഗര്‍.
സ്വതന്ത്ര ബ്ലോഗറായ ജെന്നിഫര്‍ സെംഗ് ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ഏജന്റുമാര്‍ക്കു നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ഇന്ത്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെയാണു നിജ്ജാര്‍ വധം ചൈന ആസൂത്രണം ചെയ്തതെന്നു ജെന്നിഫര്‍ പറയുന്നു.
തയ് വാനുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ സൈനിക തന്ത്രത്തിന്റെ ഭാഗമാണിതെന്നും ജെന്നിഫര്‍ ചൂണ്ടിക്കാട്ടി.
യുഎസില്‍ താമസിക്കുന്ന ചൈനീസ് വംശജയായ ഇവര്‍ ആക്ടിവിസ്റ്റും ജേണലിസ്റ്റുമാണ്. ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഗുരുദ്വാരയിലാണു നിജ്ജാര്‍ കൊല്ലപ്പെട്ടത്.
ചൈനീസ് എഴുത്തുകാരനും യുട്യൂബറുമായ, കാനഡയില്‍ താമസിക്കുന്ന ലാവോ ഡെംഗിനെ ഉദ്ധരിച്ച് ജെന്നിഫര്‍ തന്റെ ആരോപണങ്ങള്‍ ഉറപ്പിക്കുന്നു.