കട്ടപ്പന: കൊച്ചറ രാജാക്കണ്ടം നായരുസിറ്റിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ട് ആൺമക്കളും ദാരുണമായി മരിച്ചു. നായരുസിറ്റി ചെമ്പകശേരി കനകൻ (57), മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ വയലിൽ പുല്ലു ചെത്താനെത്തിയ ഇവർക്ക് വെള്ളത്തിൽ പൊട്ടിക്കിടന്ന 11 കെവി വൈദ്യുതി ലൈനിൽനിന്നു ഷോക്കേൽക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയില്‍ ഇവരുടെ വീടിനു സമീപത്തെ ഏലത്തോട്ടത്തിലെ മരം ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീണതിനെത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടി പാടത്തേക്കു വീഴുകയായിരുന്നെന്നാണ് നിഗമനം.
പുല്ലു ചെത്താൻ പോയവർ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് കനകന്റെ ഭാര്യ ഓമന അന്വേഷിച്ചെത്തിയപ്പോഴാണ് ഭർത്താവിനെയും മക്കളെയും വയലിൽ വീണു കിടക്കുന്നതായി കണ്ടത്.
വിവരമറിഞ്ഞെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റതിനാൽ പ്ലാസ്റ്റിക് കൂട്ടിപ്പിടിച്ച് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചു.
ഇതിനിടെ കെഎസ്ഇബി ഓഫീസിൽ അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദി പ്പിച്ചശേഷം മൂന്നു പേരെയും പുറത്തെത്തിച്ച് കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി.വിഷ്ണുവിന്റെ ഭാര്യ ആതിര. മകന്: ഗൗതം (രണ്ടു വയസ്). വിനോദ് അവിവാഹിതനാണ്. വണ്ടൻമേട് പോലീസ് മേൽനടപടിസ്വീകരിച്ചു.പശു വളർത്തൽ ഉപജീവനമാക്കിയിരുന്ന കുടുംബമായിരുന്നു ഇവരുടേത്.