ജീവിച്ചിരിക്കുന്ന ഭർത്താവ് മരിച്ചെന്ന് വ്യാജ രേഖകളുണ്ടാക്കി എൽഐസി നിന്ന് 15 ലക്ഷം രൂപ പിൻവലിച്ച തട്ടിപ്പ് കേസിൽ യുവതിയും ഇൻഷുറൻസ് ഏജന്റും അറസ്റ്റിൽ. ബീഹാറിലാണ് സംഭവം.
എൽഐസി ഏജന്റിനും യുവാവിന്റെ ഭാര്യ സെയ്ദി ദേവിക്കും എതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഏജന്റിനെ നേരത്തെ അറസ്റ്റ് ചെയ്തു. എന്നാൽ യുവതി അറസ്റ്റ് ഭയന്ന് ഗയയിൽ വാടകയ്ക്ക് ഒളിച്ച് താമസിക്കുകയായിരുന്നു.
ആശാ നഗർ സ്വദേശിയായ സുനിൽകുമാർ എൽഐസിയിൽ നിന്ന് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തതായി ലാഹേരി പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദീപക് കുമാർ അറിയിച്ചു.
ഇൻഷുറൻസ് എടുത്ത ശേഷം ഇയാളുടെ വീടിന് അടുത്ത് താമസിച്ചിരുന്ന മറ്റൊരു സുനിൽ കുമാർ മരിച്ചു. തുടർന്ന് സുനിൽ കുമാറിന്റെ മരണം മുതലെടുത്ത് എൽഐസി ഏജന്റും സെയ്ദി ദേവിയും സുനിൽകുമാറിന്റെ മരണ സർട്ടിഫിക്കറ്റ് കാണിച്ച് 15 ലക്ഷം രൂപ എൽഐസിയിൽ നിന്ന് പിൻവലിച്ചു.
മരിച്ച സുനിൽകുമാറിന്റെ ഭാര്യ സംഭവം അറിഞ്ഞതോടെ അവർ എൽഐസിയിൽ വിവരം അറിയിച്ചു. തുടർന്നാണ് സെയ്ദി ദേവിയുടെ ഭർത്താവ് സുനിൽ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തിൽ എൽഐസി ഏജന്റും സെയ്ദി ദേവിയും അറസ്റ്റിലായിട്ടുണ്ട്.