തിരുവനന്തപുരം: വനിതാ പോലീസ് സെല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും കുടുംബപ്രശ്നങ്ങള്‍ ഇതിലൂടെ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി.
തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ.കേസുകളില്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെ സഹായം നല്‍കണം. ആവശ്യമായ ഉദ്യോഗസ്ഥരെ വനിതാ പോലീസ് സെല്ലില്‍ നിയുക്തമാക്കണം.
ഇങ്ങനെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ കുടുംബപ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കും.കേസുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്ന സമയത്ത് ആവശ്യമായ കൗണ്‍സലിംഗ് അവിടെത്തന്നെ നല്കി കുടുംബാന്തരീക്ഷം രമ്യമാക്കി എടുക്കുന്നതിനുള്ള നടപടി വനിതാ സെല്ലിലൂടെ സ്വീകരിക്കണം.
ഈ സംവിധാനം സംസ്ഥാനത്ത് ഉണ്ടെങ്കിലും ഫലപ്രദമായി കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നാണ് കമ്മീഷനു മുന്‍പാകെ എത്തുന്ന പരാതികളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ട ശേഷവും അവിടെനിന്നു പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് വനിതാ കമ്മീ ഷനെ സമീപിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.
വിവാഹ പൂര്‍വ കൗണ്‍സലിംഗിന്റെ അനിവാര്യതയുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സ്ത്രീധനം നിരോധിച്ചിട്ടുള്ളതാണെങ്കിലും വിവാഹ സമയത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ത്രീധനം പണമായും അതുപോലെ വസ്തുവകകളായിട്ടും നല്‍കുന്നുണ്ട്.