പങ്കാളിയുടെ മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത 26 കാരനെ അറസ്റ്റ് ചെയ്തു. ഇയാൾ 24 കാരിയായ കാമുകിയുമായി കുറച്ചുകാലങ്ങളായ് ലിവ്-ഇൻ ബന്ധത്തിലായിരുന്നു.
തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശികളായ ഇരുവർക്കും പത്താം ക്ലാസ് മുതൽ പരസ്പരം അറിയാം. ഇവർ തമ്മിൽ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. എന്നാൽ സഞ്ജയ് കുമാർ തന്‍റെ കാമുകിയുടെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് താഴെ പോസ്റ്റ് ചെയ്ത കമന്‍റുകൾ വായിച്ച് രസിക്കുകയായിരുന്നെന്ന് പോലീസ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി.
ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആരോ തന്‍റെ സ്വകാര്യ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്‌തെന്ന് ആരോപിച്ച് സഞ്ജയ് കുമാറിനൊപ്പം യുവതി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ ആ ഫോട്ടോകൾ എടുക്കാൻ ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ സമീപിക്കുകയും അവ ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത അക്കൗണ്ട് ഉടമയുടെ വിശദാംശങ്ങൾ കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിൽ ഇത് യുവതിയുടെ കാമുകനാണ് പോസ്റ്റ് ചെയ്തത് എന്ന് തെളിഞ്ഞു.
തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.