തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ ആരോപണം ഉന്നയിച്ച ഹരിദാസൻ വീണ്ടും മൊഴിമാറ്റി. കേസിലെ പ്രധാന പ്രതിയായ അഖിൽ സജീവിനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഹരിദാസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം ശരിയാക്കാമെന്നു പറഞ്ഞ് മാർച്ച് 10ന് പത്തനംതിട്ട സ്വദേശിയായ അഖിൽ സജീവ് നേരിട്ട് വീട്ടിൽ വന്നുവെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി.
കേസിൽ വ്യക്തത വരുത്താൻ അറസ്റ്റിലായ എഐഎസ്എഫ് നേതാവ് ബാസിതിനെയും ഹരിദാസിനെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യും. ഒളിവിലായിരുന്ന ബാസിതിനെ ഇന്നലെ മഞ്ചേരിയിൽനിന്നാണ് കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയോടെ ഇയാളെ കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനെതിരേ കോഴ ആരോപണം ഉന്നയിച്ചത് ബാസിത് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് ഹരിദാസൻ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ബാസിത്തിന്റെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കോഴിക്കോട് സ്വദേശി റഹീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷൽ കസ്റ്റഡിയിലായിരുന്ന റഹീസിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. കേസിലെ മറ്റൊരു പ്രതിയായ ലെനിൻരാജ് ഒളിവിലാണ്.
ഇയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. കേസിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഒരു ലക്ഷം രൂപ ബാസിതിന് നേരിട്ട് കൊടുത്തുവെന്നും ലെനിൻരാജിന് അൻപതിനായിരം രൂപയും അഖിൽ സജീവിന് 25000 രൂപയും കൊടുത്തുവെന്നും ഹരിദാസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
ബാസിത് വാങ്ങിയ പണം അഖിൽ മാത്യുവിന് നൽകിയെന്നായിരുന്നു തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. നിയമനവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചത് അഖിൽ സജീവായിരുന്നു. ബാസിതിന്റെയും ലെനിൻരാജിന്റെയും നിർദേശാനുസരണമാണ് അഖിൽ സജീവ് തന്നെ ഫോണ് വിളിച്ചത്.
മന്ത്രിയുടെ ഓഫീസിലെ ലിസ്റ്റിൽ മരുമകളുടെ പേര് ഉണ്ടെന്നും കാണിച്ച് തരാമെന്നും വിശ്വസിപ്പിച്ചാണ് തന്നെ ബാസിത്ത് സെക്രട്ടേറിയറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
എന്നാൽ മന്ത്രിയുടെ ഓഫീസിലേക്ക് ആരെയും ഇപ്പോൾ കടത്തിവിടില്ലെന്ന് ബാസിത് പറഞ്ഞതുകൊണ്ട് തിരികെ പോരുകയാണ് ചെയ്തത്. തനിക്കെതിരെയുള്ള ഭൂമിക്കേസിൽ വേണ്ട സഹായം ഉറപ്പ് നൽകിയാണ് ബാസിത് ഒപ്പം കൂടിയതെന്നും ഹരിദാസ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
അഖിൽ സജീവ്, ബാസിത്ത്, റഹീസ്, ലെനിൻരാജ് എന്നിവർ ഉൾപ്പെട്ട സംഘം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ സംഘത്തിൽനിന്ന് അഖിൽ സജീവ് തെറ്റിപ്പിരിഞ്ഞുവെന്നും ഇതിന്റെ വിരോധത്തിൽ അഖിൽ സജീവിന് മർദനമേറ്റുവെന്നും അഖിൽ സജീവ് പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
പ്രതികളുടെ വെളിപ്പെടുത്തലുകളിലെ വിശ്വാസ്യതയെക്കുറിച്ച് പോലീസ് വിശദമായി പരിശോധിക്കുകയാണ്.അതേസമയം ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പേരിൽ പരാതി നൽകാനും ആരോപണം ഉന്നയിക്കാനും ബാസിത് ഹരിദാസിനെ നിർബന്ധിച്ചതിന്റെ കാരണമെന്താണെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബാസിതിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകും.
ഹരിദാസിനെകൊണ്ട് കോടതിയിൽ മൊഴി നൽകാനും പോലീസ് നടപടി തുടങ്ങി. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗൂഢാലോചന നടന്നുവെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഹരിദാസിനെ കൂടി കേസിൽ പ്രതിയാക്കാനുള്ള സാധ്യതകളാണ് കാണുന്നത്.