പെരുമ്പാവൂര്‍: നവജാത ശിശുവിനെ തോടിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ അസം സ്വദേശികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് 5.30ന് പെരുമ്പാവൂർ മുടിക്കല്‍ മുല്ലപ്പിള്ളി പാലത്തിന് സമീപത്താണ് 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ കണ്ടെത്തിയത്. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനിടെയാണ് മേതലയിലുള്ള ഒരു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന വിവരം ലഭിച്ചത്.
ഏകദേശം രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജോലിക്ക് കയറിയത്. ഞായറാഴ്ചക്ക് ശേഷം കമ്പനിയിലേക്ക് ചെന്നിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ച സംഭവുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയിച്ച കമ്പനി ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതികൾ നാട്ടിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.