കോൽക്കത്ത: വന്ദേഭാരത് ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ യാത്രികന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഹൗറ സ്റ്റേഷനിലെ പുതിയ കോംപ്ലക്സിന്റെ 21-ാം നമ്പർ പ്ലാറ്റ്ഫോമിലാണ് അപകടം നടന്നത്. ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസ് യാത്ര പുറപ്പെട്ടപ്പോൾ ഓടിയെത്തിയ യാത്രക്കാരൻ ഗാർഡിന്റെ കാബിനിൽ കയറാൻ ശ്രമിച്ചു.
എന്നാൽ, ബാലൻസ് തെറ്റി താഴെ വീണ ഇയാൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലുള്ള വിടവിലേക്ക് തെന്നിവീഴുകയായിരുന്നു.
ഈ സമയം സമീപത്തുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഞൊടിയിടയിൽ ഇവിടെയെത്തുകയും യാത്രക്കാരനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.