ന്യൂഡൽഹി: യുദ്ധം രൂക്ഷമായി തുടരുന്ന ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്താതെ കേന്ദ്രം. ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരികയാണെന്നാണ് കേന്ദ്രം അറിയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഗാസയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തല്കാലം പരിമിതിയുണ്ടെന്നാണ് ഇന്ത്യ അറിയിക്കുന്നത്. ഈജിപ്തിലേക്കുള്ള വഴി ഉള്‍പ്പെടെ അടഞ്ഞതോടെ ഒഴിപ്പിക്കല്‍ എളുപ്പമല്ലെന്നാണ് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിക്കുന്നത്.
ഇസ്രയേലിന് പുറമെ പലസ്തീനും ഇന്ത്യക്കാരുണ്ട്. അവിടങ്ങളിലെ ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ പ്രതിനിധിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യന്‍പൗരമാരെയും ഇന്ത്യന്‍ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം, യുദ്ധം രൂക്ഷമായതോടെ കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ ഇസ്രയേലില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ ഊര്‍ജിതമാക്കി. ഇസ്രയേലില്‍നിന്ന് കാനേഡിയന്‍ പൗരന്മാരെ ഉടന്‍ ഒഴിപ്പിക്കുമെന്ന് കാനഡ അറിയിച്ചു. ഹംഗറി, അൽബേനിയ, തായ്ലൻഡ്, മെക്സിക്കോ, കംബോഡിയ, ബൾഗേറിയ, റുമേനിയ രാജ്യങ്ങൾ ഒഴിപ്പിക്കൽ തുടരുന്നു.