കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന സംശയിക്കുന്ന യുവാക്കളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു.
സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ രണ്ട് യുവാക്കളാണ് ഇതിന് പിന്നിൽ. ഇവരെ ഇതുവരെ പോലീസിന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കരുനാഗപ്പള്ളി തൊടിയൂരിൽ ചെട്ടിയത്ത് മുക്ക് ബി.ആർഫൈനാൻസി ലാണ് സംഭവം നടന്നത്.
48,300 രൂപയും 33.8 ഗ്രാം സ്വർണവും നഷ്ടമായി. ചൊവ്വാഴ്ച വൈകുന്നരം 4.15 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണവും സ്വർണവും കവർന്നത്.
സ്ഥാപനത്തിന് മുന്നിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ച് അകത്ത് കടന്ന് വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗും സ്വർണവും തട്ടിയെടുക്കുകയായിരുന്നു. അധികം ആൾ തിരക്കില്ലാത്ത ജംഗ്ഷനിലാണ് സംഭവം നടന്നത്.
സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായി അറിയാവുന്ന രാണ് മോഷണത്തിന് പിന്നിൽ. കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ് കവർച്ച നടത്തിയിട്ടുള്ളത്.
സ്ഥാപനത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പോലീസ് അന്വേഷണമാരംഭിച്ചുവെങ്കിലും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. തൊടിയൂർ സ്വദേശി ബിജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.