ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്ത്. വ്യാഴാഴ്ചയാണ് സൂചിക പുറത്ത് വിട്ടത്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ (102), ബംഗ്ലാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിവ സൂചികയിൽ ഇന്ത്യയെക്കാൾ മികച്ച സ്ഥിതിയിലാണ്.
ദക്ഷിണേഷ്യയും സഹാറയുടെ തെക്ക് ആഫ്രിക്കയുമാണ് ഏറ്റവും കൂടുതൽ പട്ടിണി നേരിടുന്ന മേഖല. ജിഎച്ച്ഐ സ്കോർ 27 വീതമാണ് ഇവിടെ. ഇത് ഗുരുതരമായ വിശപ്പിനെ സൂചിപ്പിക്കുന്നു.
പോഷകാഹാരക്കുറവുള്ള കുട്ടികൾ ഏറ്റവും കൂടുതലുള്ളതും ഇന്ത്യയിലാണ്. ഇത് 18.7 ശതമാനമാണ്, രൂക്ഷമായ പോഷകാഹാരക്കുറവിനെയാണ് ഈ നിരക്ക് പ്രതിഫലിപ്പിക്കുന്നത്. കുട്ടികളുടെ ഉയരം കണക്കിലെടുത്താണ് ശോഷണം അളക്കുന്നത്.
സൂചിക അനുസരിച്ച് ഇന്ത്യയിലെ പോഷകാഹാരക്കുറവിന്റെ നിരക്ക് 16.6 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 3.1 ശതമാനവുമാണ്. 15 നും 24 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ വിളർച്ചയുടെ വ്യാപനം 58.1 ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ ഇന്ത്യയുടെ യഥാർത്ഥ സ്ഥിതിയെ പ്രതിഫലിപ്പിക്കാതെ തെറ്റായ അളവുകോലുപയോഗിച്ചുള്ള സൂചിക എന്ന് വിശേഷിപ്പിച്ചുകൊണ്ട് സർക്കാർ ഈ സൂചിക നിരസിച്ചു.
സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന നാല് സൂചകങ്ങളിൽ മൂന്നെണ്ണം കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല ഇത് മുഴുവൻ ജനസംഖ്യയുടെയും പ്രതിനിധിയാകാൻ കഴിയില്ല. നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ സൂചകമായ ‘പോഷകാഹാരമില്ലാത്ത (PoU) ജനസംഖ്യയുടെ അനുപാതം’ വളരെ ചെറിയ സാമ്പിൾ വലുപ്പത്തിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നാണ് വാദം.