തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിനെതിരേ വീണ്ടും ലത്തീൻ സഭ. ഇപ്പോൾ നടക്കുന്നത് ഉദ്ഘാടന മാമാങ്കമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ.യൂജിൻ.എച്ച്.പെരേര. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
നാല് ക്രെയിനുകൾ മാത്രമാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്. സമരകാലത്ത് സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ അൽപ്പം പോലും മുന്നോട്ട് പോയില്ല. തീരശോഷണ പഠനം ഒന്നും ആയില്ല.
സർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞു. ചിപ്പി തൊഴിലാളികൾക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഒന്നും നൽകിയില്ല. സർക്കാർ ഇപ്പോൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളാണ്. ഉദ്ഘാടന ചടങ്ങിന് സഭയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല.
സഭ വികസനത്തിന് എതിരല്ല. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും തൊഴിലാളികളുടെയും ദുരിതത്തിന് സർക്കാർ പരിഹാരം കാണാത്തത് ചൂണ്ടികാണിക്കുകയാണ്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.