അയ്യന്തോൾ (തൃശൂർ): ഒളരിക്കര എൽത്തുരുത്ത് മേഖലയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഏഴുപേർക്ക് മന്തു രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
ഇതേതുടർന്ന് മന്തുരോഗ നിവാരണ പ്രവർത്തനങ്ങൾ ജില്ല വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ ഉൗർജിതമാക്കി. ഈ മേഖലയിൽ രക്തപരിശോധനയടക്കമുള്ള കാര്യങ്ങൾ വ്യാപകമാക്കിയിട്ടുണ്ട്.
എൽത്തുരുത്ത് ഭാഗത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാരെ പരിശോധിച്ചപ്പോഴാണ് ക്യൂലക്സ് വിഭാഗത്തിൽ പെട്ട പെണ്കൊതുകുകൾ വ്യാപകമായി പരത്തുന്ന മൈക്രോ ഫൈലേറിയ വിരകളുടെ സാന്നിധ്യം ഇവരുടെ രക്തസാന്പിളുകളിൽ കണ്ടെത്തിയത്.
തുടർന്ന് രാത്രി എട്ടു മുതൽ പത്തര വരെ വിവിധ വീടുകളിൽ മെഡിക്കൽ സംഘമെത്തി വീട്ടുകാരുടെ രക്തപരിശോധനക്ക് ആവശ്യമായ രക്തസാന്പിളുകൾ ശേഖരിച്ചു.
ഒളരി, എൽത്തുരുത്ത്, ചേറ്റുപുഴ റോഡ്, കടവാരം റോഡ്, നിയോ ബാർ പരിസരം, ശിവരാമപുരം കോളനി, കണ്ണപുരം, അന്പാടിക്കുളം റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് രക്തപരിശോധന നടത്തിയത്.
രാത്രിയിൽ 25ഓളം ആരോഗ്യപ്രവർത്തകരാണ് രക്തസാന്പിളുകൾ ശേഖരിക്കാൻ വീടുകൾ തോറും കയറിയിറങ്ങിയത്. വീടുകളിലെ എല്ലാ അംഗങ്ങളുടേയും രക്തസാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലമറിയാൻ ഒന്നര ആഴ്ചയെടുക്കും.