തിരുവനന്തപുരം: നിയമനക്കോഴക്കേസിലെ പ്രതി അഖിൽ സജീവിനെ ഇന്ന് കന്റോണ്‍മെന്റ് പോലീസ് വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ജുഡീഷൽ കസ്റ്റഡിയിൽ കൊട്ടാരക്കര ജയിലിലാണ് അഖിൽ സജീവിനെ പാർപ്പിച്ചിരിക്കുന്നത്.
ഇന്നലെ കന്റോണ്‍മെന്റ് പോലീസ് ജയിലിലെത്തി അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തേക്ക് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ റഹീസും ഇപ്പോൾ കന്റോണ്‍മെന്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. റഹീസിനെയും അഖിൽ സജീവിനെയും കോഴ ആരോപണം ഉന്നയിച്ച ഹരിദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
കേസിലെ മുഖ്യപ്രതിയായ ബാസിത്തിനെയും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും. ബാസിത്ത് നിലവിൽ റിമാന്‍ഡിലാണ്.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യു ഒരു ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പറയാൻ തന്നെ നിർബന്ധിച്ചത് ബാസിതായിരുന്നുവെന്ന് ഹരിദാസൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു.
അഖിൽ സജീവ്, റഹീസ്, ബാസിത്, ലെനിൻരാജ് ഉൾപ്പെടെ നാല് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ ലെനിൻരാജ് ഒളിവിലാണ്. മറ്റ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.