കോട്ടയം: പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ-അധികാര മേഖലകളില്‍ പ്രത്യേക സംവരണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന് ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംസ്ഥാന നേതൃത്വ ക്യാമ്പ്.
ജനുവരി 15 മുതല്‍ സംസ്ഥാന വ്യാപകമായി ജില്ലതല പ്രചാരണ ജാഥകളും ജനുവരി 29 ന് സെക്രട്ടറിയെറ്റ് മാര്‍ച്ചും നടക്കും. പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും നിയമസംഭ അംഗങ്ങള്‍ക്കും നിവേദനവും സമര്‍പ്പിക്കും.
ജാതി സെന്‍സസ് രാജ്യവാപകമായി നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നു പറയുന്നവര്‍ തുല്യ നീതിയെ പറ്റിയും നിലപാട് വ്യക്തമാക്കണമെന്നും സിഎസ്ഡിഎസ് ആവശ്യപ്പെട്ടു.
സംവരണത്തിനെതിരേ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണ്. എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അയ്യന്‍കാളിയെ സമൂഹ മാധ്യമങ്ങളില്‍ കൂടി അധിക്ഷേപിച്ചവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാഞ്ഞ നടപടി അപലപനീയമാണ്. മന്ത്രി കെ രാധാകൃഷ്ണനെതിരേ നടന്ന അയിത്ത ആചരണം നവോത്ഥാന കേരളത്തിന് അപമാനമായെന്നും ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു.
കൊടിക്കുന്നില്‍ സുരേഷ് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.