പാരീസ്: സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് രാജ്യത്ത് പലസ്തീന് അനുകൂല റാലികള്‍ നിരോധിച്ച് ഫ്രാന്‍സ്. എന്നാല്‍ റാലികള്‍ നിരോധിച്ചതിനു പിന്നാലെ പ്രതിഷേധക്കാര്‍ തെരുവില്‍ പോലീസുമായി ഏറ്റുമുട്ടി.
തുടര്‍ന്ന് ഇവരെ പിരിച്ചുവിടാനായി പോലീസിനു കണ്ണീര് വാതകവും പ്രയോഗിക്കേണ്ടി വന്നു. പലസ്തീന് അനുകൂല റാലിയ്ക്കുള്ള വിലക്ക് മറികടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഫ്രാന്‍സിന്റെ തെരുവുകളില്‍ ഇറങ്ങിയത്.
പാരീസിനെക്കൂടാതെ ലില്ലി, ബോര്‍ഡോ എന്നിവ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രതിഷേധക്കാര്‍ തെരുവു കൈയടക്കുന്ന കാഴ്ചയാണ് കണ്ടത്.
ഫ്രഞ്ച് ജനത ഐക്യത്തോടെ തുടരണമെന്നും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രാജ്യത്തേക്ക് കൊണ്ടു വരുന്നതില്‍ നിന്ന് ഏവരും വിട്ടു നില്‍ക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അഭ്യര്‍ഥിച്ചു.
പൊതുസമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ഷെറാള്ഡ് ഡാര്‍മനിന്‍ പലസ്തീന് അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്ത് നിരോധിച്ചത്.
യൂറോപ്പില്‍ മുസ്ലീങ്ങളും ജൂതന്മാരും ഏറ്റവുമധികമുള്ള രാജ്യമാണ് ഫ്രാന്‍സ്. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ മുമ്പ് പലപ്പോഴും രാജ്യത്ത് ആഭ്യന്തര അസ്വസ്ഥതകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്.