ഷെൽമോൻ പൈനാടത്ത്
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ. പാലക്കയംതട്ടും പൈതൽമലയും വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കുകയാണ്. ഏഴരക്കുണ്ട് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവർക്ക് കണ്ണിനും മനസിനും ഒരേ പോലെ കുളിർമയും ലഭിക്കുന്നു. തണലും ശാന്തതയും അനുഭവിച്ചറിയാനാണ് സായാഹ്നങ്ങളിൽ ആളുകൾ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് നടക്കാൻ മടിക്കുന്നവരെ ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും തണുത്ത കാറ്റും തീർച്ചയായും മലയിലേക്ക് എത്തിക്കും. കണ്ണൂരിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയംതട്ടിലെത്താം.തണുപ്പും സൗന്ദര്യവും വയനാടിനും മൂന്നാറിനും മാത്രം അവകാശപ്പെട്ടതല്ലന്ന് പാലക്കയംതട്ട് ഓർമപ്പെടുത്തുന്നു.
വിസ്തൃതമായ പുൽമേടും നിരന്ന കരിങ്കൽപാറയും കൊണ്ട് സമ്പന്നമായ പൈതൽമലയിലെ കാഴ്ചയും ഇതിന്റെ കൂടെ ചേർത്തു വയ്ക്കേണ്ടതാണ്. നേർത്ത മഴനൂലുപോലെ കണ്ണൂരിലെ ചെറുപട്ടണങ്ങളും വനപ്രദേശങ്ങളും പൈതൽമലയിൽ നിന്നും സഞ്ചാരികൾക്ക് കാണാൻ കഴിയും. മനുഷ്യൻ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതൽമലയിലെ പ്രധാന ആകർഷണം.
ജൈവ ഔഷധ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിലാണ് പൈതൽ മല. മുകളിൽ സഞ്ചാരികൾക്ക് വേണ്ടി ഒരു നിരീക്ഷണ ഗോപുരവും സ്ഥിതി ചെയുന്നുണ്ട്.
ഒരിറ്റുവെയിൽ പോലും ദേഹത്ത് പതിപ്പിക്കാതെ നമ്മെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ തണുത്തുറഞ്ഞ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയംതട്ടിന് അടുത്ത് താഴെയായി സ്ഥിതി ചെയ്യുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടവും. പാറക്കെട്ടുകളെ തഴുകി 50 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളത്തിന്റെ ചുവട്ടിലിരുന്നു ശരീരത്തെ മസാജ് ചെയ്യാൻ ഒരു പ്രത്യേക സുഖമാണ്.
കാരക്കുണ്ട് പറവൂർ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹമാണ്. ആർത്തലച്ചുവരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി നുകർന്നുകൊണ്ടുള്ള സൗന്ദര്യം ഏതൊരു സഞ്ചാരിയുടെയും മനംകവരും. മഴക്കാലത്ത് ഇവിടെ വരുന്ന യാത്രികരുടെ അനുഭൂതി വേറെ തന്നെയാണ്. വേനലിൽ ഇവിടുത്തെ വെള്ളത്തിന്റെ ശക്തി കുറയുമെങ്കിലും കാലവർഷം ശക്തമാകുന്നതോടുകൂടിയാണ് പ്രവാഹം പതിന്മടങ്ങ് വർദ്ധിക്കുന്നത്. കഴിഞ്ഞ വർഷത്തെ കടുത്ത വേനലിൽ മാത്രമാണ് ഒരാഴ്ചക്കാലം ഇവിടെ വെള്ളം നിലച്ചത്.
മഴക്കാലത്ത് പറവൂർ വെള്ളച്ചാട്ടം സന്ദർശിക്കാൻ വരുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുലർച്ചെ ആറുമണിമുതൽ സന്ധ്യയാകുന്നത് വരെ ഇവിടെ സഞ്ചാരികൾ എത്തുകയും ചെയ്യുന്നു. നിറഞ്ഞു കവിഞ്ഞ് രൗദ്രഭാവത്തിൽ കരിമ്പാറ കൂട്ടങ്ങളെ തഴുകി വെള്ളം താഴേക്ക് പതിക്കുമ്പോൾ വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയ മലയോരത്തെ വലിയ ഒരു വെള്ളച്ചാട്ടമാണിത്.
തളിപ്പറമ്പ് ചിറവക്കിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പിലാത്തറയിൽ നിന്നും മാതമംഗലം പെരുമ്പടവ് എടക്കോം എന്നിവിടങ്ങളിൽ നിന്നും ചുരുങ്ങിയ ദൂരം മാത്രമേ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. ഈ പ്രദേശം പഞ്ചായത്ത് ഏറ്റെടുത്ത് വികസിപ്പിച്ചാൽ വിനോദസഞ്ചാര സാധ്യതകൾ ഏറെയാണ്.