തിരുവനന്തപുരം: നിയമനകോഴ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ബാസിത്തിനെ വിശദമായി ചോദ്യം ചെയ്ത ശേഷം മലപ്പുറത്തേക്ക് കൊണ്ട് പോകും.
കോഴ ആരോപണം ഉന്നയിച്ച ഹരിദാസും ബാസിത്തും തമ്മിൽ ആശയവിനിമയം നടത്തിയത് മലപ്പുറത്തെ വിവിധ സ്ഥലങ്ങളിൽ വച്ചായിരുന്നു. ബാസിത്തിന് പണം കൊടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ബാസിത്തിന്റെ നിർദേശാനുസരണമാണ് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഹരിദാസ് കോഴ ആരോപണം ഉന്നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഹരിദാസ് വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ബാസിത്തിനെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കന്േറാണ്മെന്റ് പോലീസ് ബാസിത്തിനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കേസിലെ പ്രതിയായ അഖിൽ സജീവും പോലീസ് കസ്റ്റഡിയിലാണ്. മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് പോലീസിന്റെ നിഗമനം. ബാസിത്തിൽ നിന്നും കുടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ പോലീസ് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മൂന്ന് ദിവസം മുൻപാണ് മഞ്ചേരിയിൽ നിന്നും ബാസിത്തിനെ കന്േറാണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളായ റഹീസ്, ബാസിത്ത്, അഖിൽ സജീവ് എന്നിവരെ ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു.
കേസിലെ മറ്റൊരു പ്രതിയായ ലെനിൻ രാജ് ഒളിവിലാണ്. പ്രതികൾ ഹരിദാസിൽ നിന്നും 1.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഹരിദാസ് മൊഴി നൽകിയത്.
ബാസിത്തിന്റെ ഭീഷണി കാരണമാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ പേര് കോഴ ആരോപണത്തിൽ പറഞ്ഞതെന്നായിരുന്നു ഹരിദാസൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.
മന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഹരിദാസനെ നിലവിൽ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സാക്ഷിയായാണ് കേസിൽ ഹരിദാസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹരിദാസിനെ കോടതിയിലെത്തിച്ച് രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.