സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തലസ്ഥാനത്ത് ഇന്നലെ രാത്രി നിർത്താതെ പെയ്ത മഴയില്‍ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ റോഡുകൾ മുങ്ങി.
മഴ തുടരുന്നതിനാൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി. തേക്കുമൂട് ബണ്ട് കോളനിയിൽ 106 വീടുകളിൽ വെള്ളം കയറി.
നഗര, മലയോര, തീര മേഖലകളില്‍ മഴ ശക്തമാകുന്ന സാഹചര്യമാണ് കാണുന്നത്. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ശക്തമാകുന്നു.
നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്ക് മൂലം ഷട്ടറുകള്‍ 10 സെന്റിമീറ്റർ കൂടി ഉയര്‍ത്താനാണ് സാധ്യത.
സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേട്ട് പ്രഖ്യാപിച്ചു.