ഏറെ പ്രതീക്ഷകളോടെയാണ് ആളുകൾ ലോട്ടറി എടുക്കുന്നത്. ലോട്ടറി എടുത്തശേഷം ഫലം വരുന്നതുവരെ അവർ സ്വപ്നങ്ങൾ കാണും. ലക്ഷങ്ങൾ കിട്ടിയാൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മനക്കോട്ടകൾ കെട്ടും.
സ്ഥിരം ലോട്ടറി എടുക്കാത്തവരും ബംപർ സമ്മാനമുള്ള ലോട്ടറികൾ മറക്കാതെ എടുക്കാറുണ്ട്. ഒരുതവണ എടുത്ത് ഒന്നും കിട്ടിയില്ലെങ്കിലും ഭാഗ്യം എന്നെങ്കിലും തന്നെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വീണ്ടും ലോട്ടറി എടുത്തുകൊണ്ടേയിരിക്കും.
പക്ഷേ, നോർത്ത് കരോലിന സ്വദേശി ലാറി ഡൻ ഒരു സ്ഥിരം ഭാഗ്യാന്വേഷി ആയിരുന്നില്ല. എന്നാൽ, ഒരു ദിവസം അയാൾക്ക് എന്തുകൊണ്ടോ ഒരു ലോട്ടറി എടുക്കണമെന്നു തോന്നി. എന്തോ ഒരു ഉൾപ്രേരണ! മടിക്കാതെ ഒരു ലോട്ടറി ടിക്കറ്റെടുത്തു. ആ ടിക്കറ്റിന് അടിച്ചതാകട്ടെ ബംപർ. സമ്മാനത്തുക 83 ലക്ഷം.
ലോട്ടറി എടുക്കാൻ തോന്നിയതിനെക്കുറിച്ച് ലാറി ഡൻ പറയുന്നതിങ്ങനെ: താൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചശേഷം വീട്ടിൽനിന്നു പുറത്തേക്കിറങ്ങിയതായിരുന്നു. ഒരു ലോട്ടറി ഷോപ്പിനു മുന്നിലൂടെ പോയപ്പോൾ സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റ് എടുക്കണമെന്നു വെറുതെ തോന്നി. ആ തോന്നൽ വെറുതെ ആയില്ല. സ്ക്രാച്ച് ചെയ്തപ്പോൾ മെഗാപ്രൈസ് ആണെന്നറിഞ്ഞതോടെ ഞെട്ടിപ്പോയെന്നും ലാറി പറയുന്നു.