ജറുസലം: ലെബനീസ് അതിർത്തിക്കടുത്തുള്ള ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതിയൊരുക്കിയതായി ഇസ്രയേൽ സൈന്യം. അതിർത്തിയിൽ നിന്ന് രണ്ടുകിലോമീറ്റർ പരിധിയിലുള്ള 28 ഗ്രാമങ്ങളിലെ താമസക്കാരെയാണ് ഒഴിപ്പിക്കുന്നത്.
ഹമാസുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ ലെബനീസ് അതിർത്തിയിൽ നിന്നുള്ള ഹിസ്ബുള്ള ആക്രമണവും രൂക്ഷമായ സാഹചര്യത്തിലാണ് സൈന്യത്തിന്റെ നീക്കം.
അതിർത്തിഗ്രാമങ്ങളിലൊന്നായ ഷ്തുലയിലേക്ക് ഞായറാഴ്ച ഹിസ്ബുള്ള നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടിരുന്നു. രണ്ട് ഇസ്രേലികൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഹിസ്ബുള്ളയ്ക്കു മറുപടിയായി ഇസ്രേലി സേന പീരങ്കിയാക്രമണം നടത്തി. അതിർത്തിയിലെ നാലു കിലോമീറ്റർ മേഖല അടയ്ക്കുന്നതായും അറിയിച്ചു. ഹമാസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം വടക്കൻ ഇസ്രയേലിലുണ്ടാകുന്ന ആദ്യമരണമാണിത്. ഇസ്രേലി സേനയും ഹിസ്ബുള്ളയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലും ചെറിയതോതിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.
യുദ്ധം അവസാനിച്ചതിന് ശേഷം ഗാസ പിടിച്ചെടുക്കാനോ അവിടുത്തെ പലസ്തീനികളെ ഭരിക്കാനോ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡറായ മൈക്കൽ ഹെർസോഗും പറഞ്ഞു.
ഗാസ പൂർണമായും ഇസ്രയേൽ കൈയടക്കുന്നത് വലിയ അബദ്ധമാണെന്നും പകരം പ്രദേശം ഒരു പലസ്തീൻ അതോറിറ്റി ഭരിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇസ്രേലി പ്രതിരോധ സേന ഗാസയിൽ കരയാക്രമണത്തിന് തയാറെടുക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
തന്റെ കാഴ്ചപ്പാടിൽ ഹമാസും അതിന്റെ തീവ്ര ഘടകങ്ങളും എല്ലാ പലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ പലസ്തീൻ അതോറിറ്റി നിലനില്ക്കണമെന്നും പലസ്തീൻ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ യുദ്ധനിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും നിരപരാധികളായ സാധാരണക്കാർക്ക് മരുന്നും ഭക്ഷണവും വെള്ളവും ലഭ്യമാകുമെന്നുമാണ് തന്റെ വിശ്വാസമെന്നും ബൈഡൻ ഊന്നിപ്പറഞ്ഞു.