സ്വന്തം ലേഖിക
കണ്ണൂര്‍: സപ്ലൈകോയും മാവേലി സ്റ്റോറുകളും സാധനങ്ങളില്ലാതെ കാലിയായതോടെ പാവപ്പെട്ട ജനങ്ങൾക്കൊപ്പം അയ്യായിരത്തോളം വരുന്ന സപ്ലൈകോയിലെ ദിവസവേതന-പായ്ക്കിംഗ് തൊഴിലാളികളും ദുരിതത്തിലായി.
സബ്സിഡി നിരക്കിലുള്ള കുറച്ചു സാധനങ്ങൾ മാത്രമാണു രണ്ടിടത്തുമുള്ളത്. സ്റ്റോക്ക് എത്താത്തതുകൊണ്ട് തൊഴിലാളികൾക്ക് ജോലിയും വേതനവും ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞമാസം ചിലര്‍ക്ക് 2,000 രൂപയാണ് ഒരുമാസത്തെ വേതനം ലഭിച്ചത്. ഈമാസം ഇതുവരെ ആര്‍ക്കും വേതനം ലഭിച്ചിട്ടില്ല.
ദിവസവേതന തൊഴിലാളികള്‍ക്ക് 575 രൂപയും പായ്ക്കിംഗ് തൊഴിലാളികള്‍ക്ക് ഒരു പായ്ക്കിന് ഒരു രൂപ 65 പൈസ നിരക്കിലുമാണ് കൂലി. മതിയായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തൊഴിലാളികൾക്ക് ഔട്ട്ലെറ്റുകളിലെത്തേണ്ട ആവശ്യമേയുണ്ടാകുന്നില്ല. ഭൂരിഭാഗം പേരും തീര്‍ത്തും തൊഴില്‍രഹിതരായ മട്ടിലാണ്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സബ്സിഡി നിരക്കിലുള്ള കുറച്ചു സാധനങ്ങള്‍ എത്തിച്ചതല്ലാതെ വേറെ സ്റ്റോക്കൊന്നും എത്തിച്ചില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ദിവസ വേതനത്തൊഴിലാളികൾക്ക് മാസം നിശ്ചിത ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. ഇതിനാൽ സാധനങ്ങളുടെ ലഭ്യതക്കുറവ് വേതനത്തിലും കുറവ് വരുത്തും.
സപ്ലൈകോ -മാവേലി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദിവസവും നിശ്ചിത തുകയുടെ വിറ്റ് വരവ് ഉണ്ടെങ്കില്‍ മാത്രമേ ദിവസ വേതന തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കൂ.
ഓണത്തിന് 13 ഇനം സബ്സിഡി സാധനങ്ങള്‍ സപ്ലൈകോ ഔട്ട്ലറ്റുകളില് എത്തിച്ചുവെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, സംസ്ഥാനത്തെ പല ഔട്ട്ലറ്റുകളിലും അഞ്ചോ ആറോ സബ്സിഡി ഇനങ്ങള്‍ മാത്രമാണ് എത്തിയത്. ഇപ്പോഴും അതാണ് സ്ഥിതി.
സബ്സിഡി സാധനങ്ങള്‍ ലഭ്യമാകാത്തതിനാൽ സപ്ലൈക്കോയെയും മാവേലി സ്റ്റോറുകളെയും ആശ്രയിക്കുന്ന പാവപ്പെട്ട ജനങ്ങളും വലയുകയാണ്.
സബ്സിഡി സാധനങ്ങള്‍ വിറ്റ വകയില്‍ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് കോടിക്കണക്കിന് തുക നല്‍കാനുണ്ട്. അതിനാല്‍ സാധനങ്ങള്‍ നല്കുന്ന കമ്പനികളോട് സപ്ലൈകോ കടത്തിലാണ്. പണം കൃത്യമായി നല്കാത്തതിനാല് ഓര്‍ഡര്‍ സ്വീകരിച്ച കമ്പനികള്‍ തോന്നുംപടിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. നിലവിലെ പ്രതിസന്ധിക്കു കാരണവും ഇതാണ്.
സപ്ലൈകോ ദിവസ വേതന പായ്ക്കിംഗ് തൊഴിലാളികളുടെ ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്നും പലരും രാവിലെയെത്തി ജോലിയില്ലാതെ മടങ്ങിപ്പോകുകയാണെന്നും സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി) ചൂണ്ടിക്കാട്ടി.