ഹരിപ്പാട്: മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ. ചെങ്ങന്നൂർ ഇലഞ്ഞിമേൽ കോലത്ത് വീട്ടിൽ സതീശന്റെ മകൻ സജീവാണ് ( ഉണ്ണി – 32) മരിച്ചത്.
സംഭവത്തിൽ സജീവിന്റെ സുഹൃത്തുക്കളായ നങ്ങ്യാർകുളങ്ങര തുണ്ടിൽ വീട്ടിൽ പ്രവീൺ (27), അരുൺ ഭവനത്തിൽ അരുൺ (33) എന്നിവരെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ പ്രവീണും അരുണും ചേർന്ന് സജീവിനെ മർദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
മർദനത്തിൽ അവശനിലയിലായ സജീവിനെ സുഹൃത്തുക്കളായ പ്രവീൺ, അരുൺ, മനോജ് എന്നിവർ ചേർന്ന് വാഹനത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് ആദ്യഘട്ടത്തിൽ ഇവർ പറഞ്ഞത്. സംശയം തോന്നിയ ജീവനക്കാർ ഇവരെ തടഞ്ഞു വയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാർഥ സംഭവം പുറത്തുവന്നത്.
സനീഷ് എന്ന കരാറുകാരന്റെ തൊഴിലാളികളാണ് ഇവർ നാലു പേരും. സനീഷിന്റെ കുഞ്ഞിന്റെ 28 കെട്ട് ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ കാഞ്ഞൂർ എത്തിയത്.
ചടങ്ങിൽ പങ്കെടുത്ത ശേഷം ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്ന് മദ്യപിക്കുന്നതിനിടയാണ് തമ്മിൽ തർക്കം ഉണ്ടാകുന്നതും അത് അടിപിടിയിൽ കലാശിച്ചതും. ആദ്യഘട്ടത്തിൽ മനോജും കസ്റ്റഡിയിലായിരുന്നു.
പിന്നീട് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. കരീലകുളങ്ങര എസ് എച്ച് ഒ ഏലിയാസ് പി.ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.