പേരൂർക്കട: ജഗതി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടു കാറുകൾ പൂർണ്ണമായി കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു .
ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ഡി.പി.ഐ ജംഗ്ഷന് സമീപം താമസിക്കുന്ന നവീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള “മൈ സൈറ ഓട്ടോ കെയർ പ്രൈവറ്റ് ലിമിറ്റഡ്” എന്ന സ്ഥാപനത്തിന്റെ ഗാരേജിൽ സൂക്ഷിച്ചിരുന്ന രണ്ടു വാഹനങ്ങൾ കത്തിയത്.
ഒരു മാരുതി ആൾട്ടോ കാറും ഹോണ്ട ബ്രിയോ കാറുമാണ് കത്തിയത്. സ്ഥാപനം തുറക്കുന്നതിന് മുമ്പാണ് തീപിടിത്തം ഉണ്ടായത് എന്നതിനാൽ അത്യാഹിതമൊന്നും ഉണ്ടായിട്ടില്ല.
ഷോറൂമിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട പരിസരവാസികളാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ഷോട്ട് സർക്യൂട്ട് ആണോ മറ്റെന്തെങ്കിലും ആണോ തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിലെ ലാൻഡ് ലൈൻ നമ്പർ കുറെ നാളായി കേടാണെന്നും ഇടയ്ക്കിടെ വിളിച്ചാൽ കിട്ടുന്നില്ലെന്നും ഇത് കൃത്യസമയത്ത് പ്രവർത്തനങ്ങൾ നടത്താൻ ഫയർഫോഴ്സിന് ബുദ്ധിമുട്ടുണ്ടാക്കുനന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബിഎസ്എൻഎൽ ഉപ്പിലാംമൂട് സെക്ഷൻ പരിധിയിലുള്ള സ്ഥലമാണ് ഇത്. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽനിന്ന് സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള 3 യൂണിറ്റ് എത്തിയാണ് തീ പൂർണമായും കെടുത്തിയത്.