കരുനാഗപ്പള്ളി: യുഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയിൽ കോൺഗ്രസുകാർ തമ്മിൽ ഗ്രൂപ്പ് തിരിഞ്ഞ് പോർവിളിയും തമ്മിലടിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധം ഇതോടെ തെരുവിലെ കയ്യാങ്കളിയിൽ എത്തി.
യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ.ദേവരാജൻ, മണ്ഡലം പ്രസിഡന്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംതറ ജംഗ്ഷനിൽ എത്തുന്നതിന് മുമ്പ് തന്നെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയിരുന്നു.
ജാഥ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി. ഒരു സംഘം കെ.സി.വേണുഗോപാലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചു മാറ്റിയത്.
തുടർന്ന് ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം സംബന്ധിച്ച വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് .മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ കോൺഗ്രസിനുള്ളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്.
ഐ ഗ്രൂപ്പിന്റെ കയ്യിൽ നിന്നും കെ.സി.വേണുഗോപാൽ പക്ഷം നാല് മണ്ഡലം പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തതോടെ ചെന്നിത്തല, കെ.സി.രാജൻ, സി.ആർ.മഹേഷ് പക്ഷത്തെ അനുകൂലിക്കുന്നവർക്ക് ശക്തമായ തിരിച്ചടിയാണ് ഉണ്ടായത്.
കരുനാഗപ്പള്ളി ടൗൺ മണ്ഡലം പ്രസിഡന്റ് സ്ഥാനം ജയകുമാറിൽ നിന്നും സോമരാജന് ലഭിച്ചു. കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റി മുനമ്പത്ത് ഗഫൂറിൽ നിന്നും പനക്കുളങ്ങര സുരേഷിനും ലഭിച്ചു.
ക്ലാപ്പനയിൽ ശ്രീകുമാറും പാവുമ്പയിൽ തുളസീധരൻ എന്നിവരും കെ.സി.വേണുഗോപാൽ പക്ഷത്ത് നിന്നുള്ളവരാണ് എ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന കല്ലേലിഭാഗം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന രമണനെ മാറ്റി പകരം കെ.സി.പക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന സുന്ദരേശനെയും കൊണ്ടുവന്നത് എ ഗ്രൂപ്പിനും തിരിച്ചടിയായി. വരും ദിവസങ്ങളിലും കൂടുതൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തും എന്നാണ് കരുതുന്നത്.