കൊച്ചി: കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് അരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം നാല് പേര് പിടിയിലായ സംഭവത്തില്‍ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ തേടി എക്സൈസ്.
ഇവരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചത്തില്‍ നിന്ന് സംശയകരമായ ചില നമ്പറുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനാണ് സൈബര്‍ സെല്‍ മുഖേന പ്രതികളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.
ടെലകോം കമ്പനികള്‍ക്ക് ഇത് സംബന്ധിച്ചു കത്ത് നല്‍കിയതായും കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.
രണ്ട് ദിവസത്തനകം പ്രതികളെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുക. തുടര്‍ന്ന് ആവശ്യമെങ്കില്‍ തെളിവെടുപ്പും നടത്തും.
ഹിമാലയത്തില്‍ നിന്നും ലഹരമരുന്ന് എത്തിച്ചതെന്ന് കരുതുന്ന പ്രതി കൊല്ലം സ്വദേശിയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരേണ്ടതുണ്ടെന്നും അസി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.
ഇയാള്‍ ലഹരി റാക്കറ്റിലെ കണ്ണിയാണെന്നാണ് സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനടക്കമാണ് ഫോണ്‍ കോളുകളടക്കം പരിശോധിക്കാനൊരുങ്ങുന്നത്.
ഒരു തവണ ഉപയോഗിച്ച സിം കാര്‍ഡുകള്‍ സംഘം പിന്നീട് ഉപയോഗിക്കാറില്ല എന്നതിനാല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണം എക്സൈസിന് വെല്ലുവിളി നിറഞ്ഞതാകും.
ടെലഗ്രാമില്‍ ജോമോന് ഓണ്‍, ചാര്‍ളി ഓണ്‍ എന്നീ കോഡ് ഭാഷകളില്‍ ഇവര്‍ സന്ദേശം കൈമാറും. ഇതിനോട് പ്രതികരിക്കുന്ന ആവശ്യക്കാര്‍ക്ക് സ്ഥലം പറഞ്ഞ് വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടും. തുടര്‍ന്ന് സാധനം എത്തിച്ചു നല്കി പണം വാങ്ങുകയായിരുന്നു രീതി.
പ്രതികളുടെ ഫോണ്‍കോളുകള്‍ക്ക് പുറമേ ബാങ്ക് ഇടപാടുകള്‍, ലൊക്കേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പ്രതികളില്‍ നിന്ന് രാസലഹരി വാങ്ങി ഓണ്‍ലൈന്‍ പണമിടപാട് നടത്തിയവര്ക്കായും പരിശോധനകള്‍ പുരോഗമിക്കുകയാണ്. കേസ് എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും.