മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളത്തിനു തോൽവി.
കേരളത്തെ 1-0ന് തോൽപ്പിച്ച ഗോവ അവസാന റൗണ്ടിലേക്കു യോഗ്യത നേടി. 58ാം മിനിറ്റിൽ ത്രിജോയ് ഡിയസ് നേടിയ ഗോളിലാണ് ഗോവയുടെ ജയം. തുടർച്ചയായി മൂന്നു ജയവുമായി ഫൈനൽ റൗണ്ടിന് അടുത്തിരിക്കേയാണ് കേരളത്തിന്റെ പരാജയം.
പത്ത് പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തെത്തി. ഒന്പതു പോയിന്റുമായി രണ്ടാമതായ കേരളത്തിന്റെ അവസാന റൗണ്ടിലേക്കുള്ള പ്രവേശനം മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ചിരിക്കും.
ആറു ഗ്രൂപ്പിലെയും ജേതാക്കളും മികച്ച മൂന്നു രണ്ടാം സ്ഥാനക്കാരുമാണു യോഗ്യത നേടുന്നത്. ഇവർക്കൊപ്പം നിലവിലെ ചാന്പ്യന്മാരായ കർണാടക, മേഘാലയ, അരുണാചൽപ്രദേശ് ടീമുകളും ചേരും.