കോട്ടയം: കണ്ടൽക്കാടുകൾക്കായി തന്റെ ജീവിതം മാറ്റിവച്ച “കണ്ടലമ്മച്ചി’ ഓര്‍മയായിട്ട് 14 വര്‍ഷം. മലബാറില്‍ കല്ലേൻ പൊക്കുടനും മധ്യതിരുവിതാംകൂറില്‍ മറിയാമ്മ കുര്യന് എന്ന കണ്ടലമ്മച്ചിയുമായിരുന്നു കണ്ടല്‍ ചെടികളെ പരിപാലിച്ച പ്രമുഖർ.
വേമ്പനാട്ടുകായലിനു സമീപം കുമരകം ചെപ്പന്നൂക്കരി വീട്ടിലാണ് മറിയാമ്മയുടെ ജനനം. തനിക്ക് 11 മക്കളാണുള്ളതെന്നും അതില്‍ പതിനൊന്നാമത്തെ മകള്‍ കണ്ടല്‍ ചെടികളാണെന്നും മറിയാമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.
ബേക്കര്‍ സായിപ്പിന്റെ സുഖവാസകേന്ദ്രവും ഭരണകേന്ദ്രവുമായിരുന്നു കുമരകത്ത് ഇന്നു കാണുന്ന രാജ് ഹോട്ടൽ. സായിപ്പിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു മറിയാമ്മയുടെ അച്ഛന് കുര്യന്. സായിപ്പിന്റെ പുരയിടത്തിലെ കണ്ടല്‍ മരങ്ങളെ അതീവ ശ്രദ്ധയോടെയാണ് പരിചരിച്ചുപോന്നത്.
ഇതില്‍ താത്പര്യം തോന്നിയ കുര്യന് വേമ്പനാട്ടു കായലിലൂടെ ഒഴുകിവരുന്ന കണ്ടല്‍ വിത്തുകള്‍ ശേഖരിച്ചു തന്റെ പുരയിടത്തിനു ചുറ്റും വേലി തീര്‍ക്കുന്നതു കുട്ടിക്കാലം മുതല്‍ മറിയാമ്മ കണ്ടിരുന്നു.
കണ്ടല്‍ച്ചെടികളുടെ പരിപാലനം അച്ഛനിൽനിന്നാണ് മറിയാമ്മ പഠിക്കുന്നത്. കണ്ടലമ്മച്ചിയുടെ മരണശേഷവും കണ്ടല്‍ പ്രേമികളും ഗവേഷകരും കുമരകത്തെ വീട്ടിലെത്താറുണ്ട്. അവര്‍ക്ക് അറിവുപകര്ന്ന് മൂത്ത മകന് ടോം എപ്പോഴുമുണ്ട്.
കണ്ടലമ്മച്ചി ഓര്‍മദിനം കണ്ടല്‍ സംരക്ഷണദിനമായി ആചരിക്കുകയാണ് കോട്ടയം. ഗവണ്മെന്റ് ടിടിഐയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന യോഗം പരിസ്ഥിതി പ്രവര്‍ത്തകനും വൃക്ഷ വൈദ്യനുമായ കെ. ബിനു ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ കണ്ടല്‍ പ്രോജക്ട് മാനേജര്‍ രമിത്ത് എം മുഖ്യപ്രഭാഷണം നടത്തും. ടിടിഐ പ്രിന്‍സിപ്പൽ ആശാ സി.ബി അധ്യക്ഷത വഹിക്കും. കണ്ടലമ്മച്ചിയുടെ മകന് ജോബി കുര്യന് മാതൃസ്മരണ നടത്തും. യോഗത്തില്‍ കെസിയാമോള് വി. ജോണി, ടോണി ആന്റണി, ഇത്തിത്താനം വിജയകുമാര്‍, ഗോകുമാര്‍ കങ്ങഴ എന്നിവര്‍ പ്രസംഗിക്കും.